സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ജില്ലയില്‍ ഭാഗികം
1497603
Thursday, January 23, 2025 12:20 AM IST
കോട്ടയം: ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിനെതിരേ വിവിധ സംഘടനയില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെ പണിമുടക്ക് ജില്ലയില്‍ ഭാഗികം. കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സിപിഐ അനുകൂല സംഘടന ജോയിന്റ് കൗണ്‍സിലുമാണ് പണിമുടക്കില്‍ പങ്കെടുത്തത്. 80 ശതമാനം ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായെന്ന് സെറ്റോ ജില്ലാ കമ്മിറ്റി.
ജില്ലയിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിയില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. കളക്ടറേറ്റ്, വിവിധ താലൂക്ക് ഓഫീസുകള്‍ എന്നിവടങ്ങളില്‍ ചുരുക്കം ജീവനക്കാരാണ് ഹാജരായത്. ജില്ലയിലെ 90 ശതമാനം വില്ലേജ് ഓഫീസുകളും അടഞ്ഞു കിടന്നു. കൃഷി ഭവനുകള്‍, മൃഗാശുപത്രി എന്നിവയുടെ പ്രവര്‍ത്തനവും തടസപ്പെട്ടു.
എംജി യൂണിവേഴ്സിറ്റിയില്‍ 60 ശതമാനത്തില്‍ അധികം ജീവനക്കാരും പണിമുടക്കി. എയ്ഡഡ് സ്കൂളുകളില്‍ 80ശതമാനം അധ്യാപകരും പണിമുടക്കി. പണിമുടക്കിയ ജീവനക്കാര്‍ ഓഫീസ് കോംപ്ലക്സുകളില്‍ പ്രകടനവും യോഗവും നടത്തി. കളക്ടറേറ്റില്‍ നടന്ന പ്രകടനത്തില്‍ നിരവധിപ്പേർ പങ്കെടുത്തു.
കളക്ടറേറ്റ് പ്രധാന കവാടം ഉപരോധിച്ച് ജീവനക്കാര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് നടന്ന യോഗം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സെറ്റോ ജില്ലാ ചെയര്മാന് രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. പി.ഐ. ജേക്കബ്സണ്, വി.പി. ബോബിന്, റോണി ജോര്‍ജ്, സതീഷ് ജോര്‍ജ്, രാജേഷ്, ജയശങ്കര്‍ പ്രസാദ്, സോജോ തോമസ്, മനോജ് വി. പോള്‍, ജോബിന് ജോസഫ് , മേബിള്‍, വിപിന്‍ ചാണ്ടി, സിജിനിമോള് എന്നിവര്‍ പ്രസംഗിച്ചു.