കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ് : സെക്രട്ടറിയടക്കം നാലു ജീവനക്കാര്‍ക്ക് ഗുരുതരവീഴ്ചയെന്ന് റിപ്പോര്‍ട്ട്
1508069
Friday, January 24, 2025 7:01 AM IST
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പില്‍ സെക്രട്ടറിയടക്കം നാല് ജീവനക്കാര്‍ക്കു ഗുരുതരവീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കണമെന്നും ശിപാര്‍ശയുണ്ട്.
സെക്രട്ടറി ബി. അനില്‍കുമാര്‍, പിഎ ടു സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, സൂപ്രണ്ട് എസ്.കെ. ശ്യം, അക്കൗണ്ടന്റ് സീനീയര്‍ ക്ലര്‍ക്ക് വി.ജി. സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പെന്ഷന് വിതരണത്തില്‍ തിരിമറി നടത്തി നഗരസഭയിലെ മുന്‍ ക്ലാര്‍ക്ക് അഖില്‍ സി. വര്‍ഗീസ് 2.39 കോടി തട്ടിയെടുത്ത സംഭവത്തില്‍ തദ്ദേശ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. നഗരസഭയിലെത്തി പരിശോധന നടത്തിയശേഷം 2024 ഓഗസ്റ്റിലാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇവര്‍ റിപ്പോര്‍ട്ട് കൈമാറിയത്.
നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് 211 കോടി കാണാതായെന്ന പുതിയ വിവാദത്തിനിടെയാണ് പെന്ഷന് തട്ടിപ്പിലെ ഉദ്യോഗസ്ഥ വീഴ്ചകള്‍ പുറത്തുവരുന്നത്. തട്ടിപ്പ് നടത്തിയ മുന്‍ ക്ലര്‍ക്ക് അഖില്‍ കൈകാര്യം ചെയ്ത ഫയലുകള്‍ ജൂണിയര്‍ സൂപ്രണ്ടോ അക്കൗണ്ടന്റോ പരിശോധിച്ചില്ല.
ഇവര്‍ നോക്കിയിരുന്നെങ്കില്‍ ക്രമക്കേട് കണ്ടെത്താമായിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യക്തിപരമായി പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് തുകയ്ക്കുള്ള ചെക്ക് ട്രഷറിയിലേക്ക് നല്‍കുന്നതിനൊപ്പം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അക്കൗണ്ടുകള്‍ പരിശോധിക്കാതെയാണ് സാക്ഷ്യപത്രം നല്‍കിയത്. സംഭവത്തില്‍ സെക്രട്ടറി, പിഎ ടു സെക്രട്ടറി, സൂപ്രണ്ട്, അക്കൗണ്ടന്റ് എന്നിവര്‍ക്ക് വ്യക്തിപരമായി ഉത്തരവാദിത്വമുണ്ട്. മേല്‍നോട്ടത്തിലും വീഴ്ചയുണ്ടായി- റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വീസ് പെന്ഷന്-കുടുംബപെന്ഷന് നല്‍കുന്നവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ നഗരസഭയിലില്ല. മുന്‍മാസത്തെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ എക്സല്ഷീറ്റില് ഭേദഗതി വരുത്തി ചെക്കിനൊപ്പം ബാങ്കില്‍ നല്‍കുകയാണ് രീതി. ഇതു വീഴ്ചയാണ്. അന്വേഷണസമിതിക്ക് പരിശോധനയ്ക്കായി പല രേഖകളും നല്‍കിയിട്ടില്ലെന്നും ഒരു ജീവനക്കാരി മാത്രമാണ് വിശദീകരണം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
സമാനരീതിയില്‍ മറ്റ് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധനയ്ക്കും ശിപാര്‍ശയുണ്ട്. അതേസമയം, പെന്ഷന് തട്ടിപ്പ് പുറത്തുവന്നിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രതിയായ മുന്‍ ക്ലര്‍ക്ക് അഖില്‍ സി. വര്‍ഗീസിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.