ചമ്പന്നൂർപ്പടിയിൽ ഖനനം പാടില്ല: ജിയോളജി വകുപ്പ്
1508089
Friday, January 24, 2025 7:25 AM IST
നെടുംകുന്നം: ചമ്പന്നൂർപ്പടിയിൽ മണ്ണു നീക്കത്തിനായി അനുമതി നേടിയ വ്യക്തിക്ക് ഇവിടെ യാതൊരു ഖനനവും പാടില്ലെന്നു കാണിച്ച് ജിയോളജി വകുപ്പ് നോട്ടീസ് നൽകി.
നെടുംകുന്നം പഞ്ചായത്ത് എട്ടാം വാർഡിൽ ചമ്പന്നൂർപ്പടിയിൽനിന്നു ദേശീയ പാത വികസനത്തിനായി മണ്ണെടുക്കാൻ അനുമതി നേടിയ വ്യക്തിക്കാണ് യാതൊരു ഖനന പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നു കാണിച്ച് ജിയോളജി വകുപ്പ് നോട്ടീസ് നൽകിയത്. അനുമതി നേടിയ കൊല്ലം സ്വദേശിക്ക് നോട്ടീസ് നൽകിയതായി ജിയോളജി വകുപ്പ് അറിയിച്ചു.
ഇവിടെനിന്നു മണ്ണു നീക്കം ചെയ്യുന്നതിനെത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്ന് വൻ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് നെടുംകുന്നം പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ 22 മുതൽ ഖനന പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
കഴിഞ്ഞദിവസം നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ കരുതലും കൈതാങ്ങും അദാലത്തിൽ നൽകിയ പരാതിയിലാണ് പുതിയ മറുപടി ലഭിച്ചത്.
ദേശീയ പാതയുടെ ആവശ്യത്തിനായി വീരൻമല കുന്നിന്റെ ഭാഗത്തു നിന്നും മണ്ണെടുക്കാനുള്ള അനുമതി പ്രദേശവാസികളുടെ ജീവനും, സ്വത്തിനും ഭീഷണി ആകുന്നതിനാൽ മുൻ തീരുമാനം പുനപരിശോധിക്കണമെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് ജിയോളജി വകുപ്പ് നടപടി സ്വീകരിച്ചത്.