അതിരമ്പുഴ തിരുനാൾ പ്രധാന ദിനങ്ങളിലേക്ക്
1497600
Thursday, January 23, 2025 12:20 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ പ്രധാന ദിനങ്ങളിലേക്ക്. നാളെയും ശനിയാഴ്ചയും പ്രധാന തിരുനാൾ ആഘോഷങ്ങൾ നടക്കും. 20ന് ആരംഭിച്ച ദേശക്കഴുന്ന് ഇന്ന് സമാപിക്കും.
നാളെ വൈകുന്നേരം 4.15ന് അതിരമ്പുഴ ഇടവകക്കാരായ വൈദികർ ചേർന്ന് സമൂഹബലി അർപ്പിക്കും. തുടർന്ന് പ്രശസ്തമായ നഗരപ്രദക്ഷിണം ആരംഭിക്കും. വൈകുന്നേരം ആറിന് വലിയപള്ളിയിൽനിന്ന് ആരംഭിക്കുന്ന നഗരപ്രദക്ഷിണം 6.45ന് ടൗൺ കപ്പേളയിൽ എത്തിച്ചേരും. അവിടെ ലദീഞ്ഞിനും പ്രസംഗത്തിനും ശേഷം തുടരുന്ന പ്രദക്ഷിണം പ്രധാന വീഥിയിലൂടെ ചെറിയപള്ളിയിലേക്ക് നീങ്ങും.
7.45ന് വലിയപള്ളിയിൽനിന്ന് രണ്ടാമത്തെ പ്രദക്ഷിണം ആരംഭിക്കും. ഇരു പ്രദക്ഷിണങ്ങളും 8.15ന് ചെറിയപള്ളിക്കു മുന്നിൽ സംഗമിക്കും. തുടർന്ന് സംയുക്ത പ്രദക്ഷിണം ചെറിയപള്ളി വലംവച്ച് വലിയപള്ളിയിലേക്ക് നീങ്ങും. വലിയപള്ളി വലംവയ്ക്കുന്ന പ്രദക്ഷിണം 9.15ന് സമാപിക്കും.
ശനിയാഴ്ച രാവിലെ 10.30ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ റാസ അർപ്പിക്കും. വൈകുന്നേരം 5.30ന് വലിയപള്ളിയിൽനിന്ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടുന്ന പ്രദക്ഷിണം ചെറിയപള്ളി ചുറ്റി വലിയപള്ളിയിൽ തിരികെയെത്തി 7.45ന് സമാപിക്കും.