ആടുമാടുകളുടെ വേനല്‍ക്കാല തീറ്റയില്‍ ജാഗ്രത വേണം
1497598
Thursday, January 23, 2025 12:20 AM IST
കോട്ടയം: കാലാവസ്ഥാവ്യതിയാനത്തെത്തുടര്ന്ന് പെട്ടെന്ന് കിളിര്‍ത്തു പടരുന്ന പല അധിനിവേശ സസ്യങ്ങളും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായി. ബ്യൂമിയ എന്ന പുല്ലിനത്തിലെ പൂക്കള്‍ പശുക്കള്‍ക്ക് വിഷബാധയ്ക്ക് കാരണമാകാം. വടക്കന്‍ കേരളത്തില്‍ നിരവധി പശുക്കൾ അടുത്തയിടെ ചത്തത് ഇത്തരം പുല്ല് തിന്നതിനെത്തുടര്ന്നാണ്. വേനല്‍ക്കാലത്ത് പച്ചപ്പുല്ല് കിട്ടാനില്ലാതെ വരുമ്പോള്‍ ലഭ്യമായ പുല്ലിനങ്ങളും ചെടികളും പശുക്കളും ആടുകളും തിന്നുക സാധാരണമാണ്.
കപ്പയിലയും തണ്ടും കിഴങ്ങും ഉണങ്ങിയശേഷം മൃഗങ്ങള്‍ക്കു കൊടുക്കുന്നതാണ് മെച്ചം. ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ മുന്‍പ് ചത്തത് കപ്പത്തൊണ്ടിലെ സൈനഡ് അംശം ഉള്ളില്‍ ചെന്നായിരുന്നു. തനിയെ കിളിര്‍ക്കുന്നതും നട്ടു വളര്‍ത്തുന്നതുമായ അരളിച്ചെടിയും പൂവും മാരകവിഷമാണ്. കന്നുകാലികള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും ഇത് മരണ കാരണമാകാം. മുറ്റത്തും ചെടിച്ചട്ടികളിലും സംരക്ഷിക്കുന്ന ഇലച്ചെടികള്‍ ആടുമാടുകള്‍ക്ക് തീറ്റയായി കൊടുക്കരുത്.
ഇവ വെട്ടിമാറ്റുക. മഞ്ഞക്കോളാമ്പി, മഞ്ഞ അരളി, വര്‍ണച്ചേമ്പ്, ആവണക്ക്, എരിക്ക് എന്നിവയെല്ലാം ഈ സീസണില്‍ തീറ്റയ്ക്ക് അനുയോജ്യമല്ല. തോട്ടപ്പയറില്‍ പഴയ ഇനം പടല് സുരക്ഷിതമാണ്. എന്നാല്‍ അടുത്തിയിടെ കാട്ടുപടലും ആനത്തൊട്ടാവാടിയും മഞ്ഞക്കൊന്നയും വിഷലിപ്തമാണ്. ചെടിയായി വളര്‍ത്തി പിന്നീട് കാടായി മാറുന്ന കൊങ്കണിയും പശുക്കള്‍ക്കും ആടുകള്‍ക്കും കൊടുക്കരുത്. ഈ സീസണില്‍ പലരും ചക്കയും ചക്കമടലും തീറ്റയായി കൊടുക്കുന്നുണ്ട്. ഇത് നന്നായി അരിഞ്ഞ് കൊടുക്കുന്നതാണ് ഉത്തമം.
അടുത്തയിടെ കീടനാശിനി തളിച്ച വാഴ, വാഴയില, വാഴപ്പിണ്ടി, കച്ചി എന്നിവയും കരുതലോടെ വേണം കൊടുക്കാന്‍. പച്ചപ്പുല്ലിനൊപ്പം കുറഞ്ഞ അളവില്‍ മാത്രം നന്നായി ഉണങ്ങിയ കച്ചി കൊടുക്കുന്നതാണ് മെച്ചം. പറ്റുമെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ വെയില്‍കൊള്ളിച്ചശേഷം കച്ചി കാലികള്‍ക്ക് കൊടുക്കുന്നതാണ് നല്ലതെന്ന് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.