അടുത്ത കൊയ്ത്തിനും നെല്ലുവില ഉയര്‍ന്നേക്കില്ല
1497599
Thursday, January 23, 2025 12:20 AM IST
കോട്ടയം: നെല്‍കര്‍ഷകരെ ഇക്കൊല്ലവും സംസ്ഥാന സര്‍ക്കാര്‍ കൈയൊഴിയുന്നു. അടുത്ത മാസം തുടങ്ങുന്ന പുഞ്ച വിളവെടുപ്പിലും കൃഷിവകുപ്പ് നെല്ലിന് വില ഉയര്‍ത്തില്ല. ആറു വര്‍ഷമായി ലഭിച്ചുവരുന്ന വിലയായ 28.20 രൂപയില്‍ 23 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 5.2 രൂപ മാത്രം. കേന്ദ്രം കഴിഞ്ഞ വര്‍ഷം രണ്ടു തവണ സബ്സിഡി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം രണ്ടു തവണ വിഹിതം വെട്ടിക്കുറച്ചു. അതല്ലെങ്കില്‍ 32 രൂപ വില ലഭിക്കേണ്ടതായിരുന്നു.
അടുത്ത മാസം 15ന് പുഞ്ച വിളവെടുപ്പ് തുടങ്ങാനിരിക്കെ വില ഉയര്‍ത്താന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെ നിലപാട്. കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം കൃഷി നെല്ലിന്റെ വില ഇനിയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തുക അനുവദിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായെങ്കിലും കര്‍ഷകരുടെ അക്കൗണ്ടില്‍ പണം എത്തിയിട്ടില്ല. കഴിഞ്ഞ മാസം അവസാനിച്ച വിരിപ്പ് നെല്ല് സംഭരണത്തില്‍ ആലപ്പുഴ ജില്ലയില്‍നിന്ന് 113 കോടി രൂപയുടെ 40,280 ടണ്‍ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. കോട്ടയം ജില്ലയില്‍ 60 കോടി രൂപയുടെ നെല്ല് സംഭരിച്ചിരുന്നു. ഇതില്‍ 40 കോടിയും കുടിശികയാണ്.
കര്ഷകന് എന്നും ഇര
കോട്ടയം: ഒരു ക്വിന്റല്‍ നെല്ലിന് ഈര്‍പ്പത്തിന്റെ പേരില്‍ ആറു കിലോ വരെ കുത്തുമില്ലുകള്‍ കിഴിവു തള്ളും. യഥാര്‍ഥത്തില്‍ മൂന്നു കിലോ മാത്രമാണ് കിഴിവ് വരിക. ഇതിന്റെ നേട്ടം മില്ലുകള്‍ക്ക്. ഒരു ക്വിന്റല്‍ നെല്ല് കുത്തിയാല്‍ 72 കിലോ വരെ അരി ലഭിക്കും. എന്നാല്‍ പതിരിന്റെ പേരില്‍ മില്ലുകാര്‍ തിരികെ സിവില്‍ സപ്ലൈസിന് നല്‍കുന്നത് 68 കിലോ മാത്രം. ഒരു കിലോ നെല്ലിന് മില്ലുടമകള്‍ക്ക് രണ്ടു രൂപയോളം കുത്തുകൂലി സപ്ലൈകോ നല്‍കുന്നുണ്ട്. കേരളത്തില്‍ വിളയുന്ന നെല്ല് സ്വന്തം ബ്രാന്‍ഡില്‍ കിലോ 55 രൂപ നിരക്കില്‍ അരിയാക്കി വില്‍ക്കുകയും സിവില്‍ സപ്ലൈസ് വകുപ്പിന് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മോശം അരി തിരികെ നല്‍കുകയും ചെയ്യുന്നു. കിലോയ്ക്ക് 20 രൂപയില്‍ താഴെ നിരക്കിലുള്ള മോശം അരിയാണ് ഇതര സംസ്ഥാന മില്ലുകള്‍ കേരളത്തിലെ കുത്തുമില്ലുകള്ക്ക് കൈമാറുന്നത്. കുത്താന്‍ വാങ്ങുന്ന നെല്ലിന്റെ തവിട് മില്ലുകള്‍ക്ക് കോടികളുടെ വരുമാനമാണ്. ഉമിയില്‍നിന്നു വരുമാനം വേറെ.
സര്‍ക്കാരിന്റെ പിടിപ്പുകേട്
കോട്ടയം: കേരളത്തില്‍ വിളയുന്ന നെല്ലില്‍ അഞ്ചു ശതമാനം പോലും കുത്തി അരിയാക്കാനുള്ള സംവിധാനം സര്‍ക്കാരിനില്ല. ഉത്പാദിപ്പിക്കുന്ന നെല്ല് സ്വകാര്യമില്ലുകള്‍ക്ക് നല്‍കാനാണ് എക്കാലവും സര്‍ക്കാരിന് താത്പര്യം.
സംസ്ഥാനത്തെ 200 ബ്രാന്‍ഡഡ് അരി കമ്പനികളുടെ മില്ലുകളില്‍ കൊടുത്ത് നെല്ല് കുത്താനാണ് സര്‍ക്കാരിനിഷ്ടം. ഇടനിലക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്നുള്ള വന്‍ മാഫിയയും ലോബിയുമാണ് ഇതിനു പിന്നില്‍. പാലക്കാട് ജില്ലയിലുണ്ടായിരുന്ന രണ്ട് സര്‍ക്കാര്‍ മില്ലുകളും പൂട്ടി. സര്‍ക്കാര്‍ ബ്രാന്‍ഡില്‍ അരിയും ലഭ്യമല്ല. നെടുമുടിയില്‍ പണിത വന്കിടമില്ല് ഉദ്ഘാടനം പോലും നടക്കാതെ നശിച്ചു. കിടങ്ങൂരില്‍ വന്മില്ലു പണിയുമെന്ന് കഴിഞ്ഞ ബജറ്റിലെ വാഗ്ധാനം ശിലാസ്ഥാപനഘട്ടം പോലും കഴിഞ്ഞിട്ടില്ല. ഓയില്‍ പാമിനു കീഴില്‍ വെച്ചൂരിലുള്ള മില്ല് ശേഷിയുടെ മുന്നിലൊന്നു പോലും നെല്ല് സംഭരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യമില്ലുകള്‍ക്ക് പിടിയാവിലയ്ക്ക് നെല്ല് വില്ക്കുകയേ കര്‍ഷകര്‍ക്കു തരമുള്ളൂ. വിറ്റ നെല്ലിന് പണം ലഭിക്കാന്‍ ആറും മാസം മുതല്‍ ഒന്നര കൊല്ലം വരെയുള്ള കാത്തിരിപ്പുവേറെ.
വിതയ്ക്കാനും കൊയ്യാനും യന്ത്രത്തിന് ഓരോ വര്‍ഷവും നിരക്ക് കൂടുന്നു. കൃഷി, സഹകരണ വകുപ്പിനും ജില്ലാ പഞ്ചായത്തിനുമൊക്കെയുള്ള നൂറു കണക്കിന് യന്ത്രങ്ങള്‍ കട്ടപ്പുറത്താണ്. ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് ഓരോ കൃഷിക്കും യന്ത്രം എത്തിക്കുന്നത്. കൊള്ളക്കൂലി യന്ത്രങ്ങള്‍ക്കു മാത്രമല്ല ലോറിക്കും ചുമട്ടുകാര്ക്കുമൊക്കെ ഓരോ വര്‍ഷവും നിരക്ക് കൂടും.