ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 32 ലക്ഷം രൂപ പിടികൂടി
1507843
Thursday, January 23, 2025 11:53 PM IST
കോട്ടയം: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന രേഖകളില്ലാത്ത 32 ലക്ഷം രൂപയുമായി പിടികൂടിയയാളെ കോട്ടയം റെയില്‍വേ പോലീസ് ഇന്‍കംടാക്സ് ഡിപ്പാര്ട്ടുമെന്റിനു കൈമാറി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ(30)യാണ് ബുധനാഴ്ച വൈകുന്നേരം 5.30നു
മഹാരാഷ്ട്രയില്‍നിന്നും കൊച്ചുവേളിക്കുള്ള ട്രെയിനില്‍ ചെങ്ങന്നൂരില്‍നിന്നും കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്. ഇയാളെ ഇന്‍കംടാക്സ് അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ഇന്‍കംടാക്സ് ഡിപ്പാര്‍ട്ടുമെന്റാണ്.
ട്രെയിനിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി റെയില്‍വേ പോലീസും എക്സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാളെ പിടികൂടിയത്. ബാഗിനുള്ളില്‍ പത്രക്കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം പോലീസ് കണ്ടെത്തുകയായിരുന്നു. 500 രൂപയുടെ കെട്ടുകളായിരുന്നു.
ഓച്ചിറയിലെ പത്മിനി ഗോള്‍ഡ് ഷോപ്പിലേക്കു കൊണ്ടുപോകുകയാണു പണം എന്ന് ഇയാള്‍ പോലീസിനു മൊഴി നല്കി. പിടിച്ചെടുത്ത പണവും പ്രശാന്തിനെയും കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം പ്രശാന്തിനെ ഇന്‍കംടാക്സ് അധികൃതര്‍ക്കു കൈമാറി. എസ്ബിഐ ബാങ്ക് അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയില്‍ പണം ഒറിജിനലാണെന്ന് കണ്ടെത്തി.
ഇതോടെ സംഭവത്തിന്റെ വിശദമായ മഹസര്‍ തയാറാക്കിയ റെയില്‍വേ പോലീസ് പണം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ട്രഷറിയില്‍ അടച്ചു കാര്യങ്ങള്‍ തീര്‍പ്പാക്കുകയായിരുന്നു. റെയില്‍വേ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ റെജി പി. ജോസഫ്, എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്, എഎസ്ഐ റൂബി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.