നരിവേലി-മേലാട്ടുതകിടി റോഡ് ഉദ്ഘാടനം ചെയ്തു
1507848
Thursday, January 23, 2025 11:54 PM IST
കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് 17ാം വാർഡ് ആനക്കല്ലിലെ നരിവേലി - മേലാട്ടുതകിടി റോഡ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിപ്പിച്ച അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കി. നവീകരിച്ച റോഡിന്റെ ഔപചാരിക ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഡാനി കുന്നത്ത്, വാർഡ് മെംബർ ജിജി ഫിലിപ്പ്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ദേവരാജൻ, സാവിയോ വട്ടയ്ക്കാട്ട്, രാജേഷ്, സാബു താമരച്ചാലിൽ, ജോസ് കുമ്മണ്ണൂപ്പറമ്പിൽ, ജോൺസൺ തൊടുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മേലാട്ടുതകടി, നാച്ചിക്കോളനി, വട്ടകപ്പാറ തുടങ്ങിയ പ്രദേശങ്ങളെ ആനക്കല്ലുമായി ബന്ധിപ്പിക്കുന്നതും ആനക്കല്ല്, നരിവേലി, വണ്ടൻപാറ തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കാഞ്ഞിരപ്പള്ളിയിലേക്ക് എത്തുന്നതിന് എളുപ്പമാർഗവുമാണ് ഈ റോഡ്. കൂടാതെ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ ഗതാഗത തിരക്ക് വർധിക്കുമ്പോൾ ബൈപാസായി ഉപയോഗിക്കാൻ കഴിയും.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട് വരുന്നതിനാലും പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിൽ കൂടി കടന്നുപോകുന്നു എന്നുള്ളതിനാലും കാലങ്ങളിലായി അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു ഈ റോഡ്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, വാർഡ് മെംബർ ജിജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി റോഡിന് ഫണ്ട് അനുവദിച്ചതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.