നാനാടം കൂട്ടുങ്കൽ കലുങ്ക് നിർമാണം തുടങ്ങി
1507787
Thursday, January 23, 2025 7:11 AM IST
ഉദയനാപുരം: അക്കരപ്പാടം - കൂട്ടുങ്കൽ പാലത്തിനിർമാണവുമായി ബന്ധപ്പെട്ടു വീതികൂട്ടി പുനർനിർമിക്കുന്ന കൂട്ടുങ്കൽ കലുങ്കിന്റെ നിർമാണം തുടങ്ങി.
കലുങ്കിന്റെ അടിഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ഉറവ ഉണ്ടായതിനാൽ ഷീറ്റ് പൈൽ അടിച്ചാണ് അടിഭാഗത്തെ പണി തീർത്ത് മുകളിലേക്ക് പണി തുടങ്ങിയത്. കലുങ്കു നിർമാണത്തിനായി ആഴത്തിൽ മണ്ണു നീക്കിയപ്പോൾ സമീപവാസിയായ കൂട്ടുങ്കൽ ബൈജു, മുത്തേരിച്ചിറ രതീഷ് എന്നിവരുടെ വീടുകളുടെ ഭിത്തിക്ക് വിള്ളലുണ്ടായി.
വയോധികരും കുട്ടികളുമടക്കം താമസിക്കുന്ന ഈ വീടുകൾക്ക് കാര്യമായ കേടുപാടു സംഭവിച്ചാൽ സ്വന്തം നിലയ്ക്ക് അത് പരിഹരിക്കാൻ ഈ നിർധന കുടുംബങ്ങൾക്ക് നിർവാഹമില്ല. ആശങ്കയിലായ കുടുംബങ്ങൾ പഞ്ചായത്ത്, ആർഡിഒ, കളക്ടർ, കിഫ്ബി അധികൃതർക്കും പരാതി നൽകി.
അക്കരപ്പാടം കൂട്ടുങ്കൽ പാലവും അതുമായി ബന്ധപ്പെട്ട് നിർമിക്കുന്ന കൂട്ടുങ്കൽ കലുങ്ക്, പുഴയുടെ ഇരുകരകളിലുമായി മൂന്ന് സർവീസ് റോഡുകൾക്കടക്കം 18 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്.
മാർച്ച് 31ന് മുമ്പ് അക്കരപ്പാടം - കൂട്ടുങ്കൽ പാലവും കലുങ്കും സമീപ റോഡ് പൂർത്തിയാക്കി നാടിനു സമർപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറയുന്നു.