2025 ജൂബിലി അജപാലനത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള വിളി: മാര്‍ തറയില്‍
1507775
Thursday, January 23, 2025 7:01 AM IST
ചങ്ങനാശേരി: 2025 ജൂബിലി ഇടവകകളിലും കൂട്ടായ്മകളിലും കുടുംബങ്ങളിലും അജപാലനത്തിന്റെ പുതിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള വിളിയായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
2025 ജൂബിലി വര്‍ഷത്തിന്റെ അതിരൂപതാസമിതി നേതൃസമ്മേളനം അതിരൂപത കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. എല്ലാ ഇടവകകളിലും മാര്‍പാപ്പ നിര്‍ദേശിച്ച 10 കമ്മിറ്റികള്‍ രൂപീകരിച്ച് പ്രത്യാശയുടെ 10 അടയാളങ്ങള്‍ നടപ്പിലാക്കണമെന്ന് ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.
ജൂബിലിവര്‍ഷ കര്‍മപദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു. സമ്മേളനത്തില്‍ അതിരൂപത വികാരിജനറാളും ജൂബിലി ജനറല്‍ കണ്‍വീനറുമായ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ ചര്‍ച്ച നയിച്ചു.
ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീടിനെ ജൂബിലി ജോയിന്റ് കോ-ഓർഡിനേറ്ററായും മറിയം പൊട്ടുകളത്തെ സെക്രട്ടറിയായും ജോസി കടന്തോട്, ജിനോദ് ഏബ്രഹാം എന്നിവരെ തെക്കന്‍ മേഖല കോ-ഓർഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.
സമ്മേളനത്തില്‍ പ്രസ്ബിറ്ററൽ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, വകുപ്പ് ഡയറക്ടര്‍മാര്‍, അതിരൂപത ഭാരവാഹികള്‍, ആനിമേറ്റേഴ്സ്, പാസ്റ്ററല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, ഫൊറോന സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.