ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ മകരം തിരുനാള്‍ ഇന്ന്
1508088
Friday, January 24, 2025 7:21 AM IST
ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെ ചരിത്രപ്രസിദ്ധമായ ജൂബിലിവര്‍ഷ മകരം തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായുള്ള വിശുദ്ധകുര്‍ബാനയിലും വൈകുന്നേരം നടക്കുന്ന പ്രദക്ഷിണത്തിലും നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള ഭക്തജനാവലി വേദസാക്ഷിയോടുള്ള മധ്യസ്ഥപ്രാര്ഥനയുമായി ഒഴുകിയെത്തും.
രാവിലെ 5.15ന് ഫാ. രാജു കോയിപ്പള്ളി, 6.45ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, 10ന് ഫാ. ഷെറിന് കുറശേരി, ഫാ. ടോണി നമ്പിശേരിക്കളം, ഫാ. നിജോ വടക്കേറ്റത്ത്, ഉച്ചകഴിഞ്ഞ് 2.30ന് ഫാ. റിന്‍സ് കടന്തോട് എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
വൈകുന്നേരം നാലിന് നാലിന് നഗരംചുറ്റിയുള്ള പട്ടണപ്രദക്ഷിണം ആരംഭിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം കാവില്‍ ഭഗവതി ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികള്‍ പള്ളിയില്‍നിന്നും ഏറ്റുവാങ്ങി ചുമലിലേറ്റി ക്ഷേത്രാങ്കണത്തിലെ പീഠത്തില്‍ പ്രതിഷ്ഠിക്കും.
പ്രത്യേകം തയാറാക്കിയ ജമന്തിപ്പൂമാല വിശുദ്ധന്റെ രൂപത്തില്‍ അണിയിക്കും. 101 വിളക്കുകളും ചന്ദനത്തിരികളും തെളിയിച്ചുള്ള പ്രൗഢസ്വീകരണം നഗരത്തിന്റെ സൗഹാര്ദപ്പെരുമയ്ക്ക് ഊഷ്മളത പകരും.
തെക്കുംകൂര്‍ രാജാവിന്റെ കാലംമുതല്‍ നല്കിപ്പോന്ന എണ്ണപ്പണം ചങ്ങനാശേരി തഹസില്‍ദാര്‍ പി.ഡി. സുരേഷ്കുമാര്‍ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പിലിനു കൈമാറും. മൈത്രിയുടെ സൂചകമായി വികാരി കാവില്ക്ഷേത്രം ഉപദേശകസമിതി അംഗങ്ങള്‍ക്കു മധുരം നല്‍കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കോടതി ഉദ്യോഗസ്ഥര്‍, റെഡിഡന്റ്സ് അസോസിയേഷനുകള്‍, തൊഴിലാളികള്‍ തുടങ്ങവര്‍ സൗഹാര്ദമുറപ്പിച്ച് ഹാരാര്‍പ്പണം നടത്തും.
തുടര്‍ന്ന് അങ്ങാടി, വട്ടപ്പള്ളി, സസ്യ-മത്സ്യ മാര്‍ക്കറ്റുകള്‍, ബോട്ടുജെട്ടി, പോത്തോട്, വണ്ടിപ്പേട്ട, പോലീസ് സ്റ്റേഷന് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ പ്രദക്ഷിണത്തിനു സ്വീകരണം നല്‍കും. ഫാ. ബോണി ചോരേട്ട്, ഫാ. ജോണ്സന് മുണ്ടുവേലില് എന്നിവര്‍ കാര്‍മികരായിരിക്കും.
ചന്തക്കടവ് കുരിശുപള്ളിയില്‍ ഫാ. തോമസുകുട്ടി വെട്ടിക്കല്‍ സന്ദേശം നല്‍കും. വൈകുന്നേരം ലൈറ്റ് ആൻഡ് ഫയര്‍ഷോ. ഫെബ്രുവരി രണ്ടിന് കൊടിയിറക്ക് തിരുനാള്‍.
കവലപ്രദക്ഷിണം ഭക്തിസാന്ദ്രം
മെത്രാപ്പോലീത്തന്‍പള്ളിയിലെ മകരം തിരുനാളിനടനുബന്ധിച്ച് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവും വഹിച്ച് കവലയിലേക്കു നടത്തിയ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. ഭക്തസഹസ്രങ്ങള്‍ കൂപ്പുകൈകളോടെ വിശുദ്ധന്റെ തിരുസ്വരൂപം വണങ്ങി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അര്‍പ്പിച്ച വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് 6.30ന് പള്ളിയില്നിന്നുമാരംഭിച്ച പ്രദക്ഷിണം 7.30 ഓടെയാണ് സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നത്.
ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സന്ദേശം നല്കി. വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. സനൂപ് മുത്തുമാക്കുഴി, ഫാ. സെബാസ്റ്റ്യന്‍ എന്നിവര്‍ കാര്‍മികരായിരുന്നു.