ജീവനക്കാരുടെ സമരം : സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചു
1507793
Thursday, January 23, 2025 7:11 AM IST
ചങ്ങനാശേരി: വിവിധ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് അനുകൂല സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ), സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സില്‍ എന്നിവര്‍ നടത്തിയ പണിമുടക്കില്‍ ജനങ്ങള്‍ ദുരിതത്തിലായി. താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിലച്ചു. 64 ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ ഇന്നലെ ഹാജരായത് ഏഴുപേരാണ്.
താലൂക്കിലെ 15 വില്ലേജ് ഓഫീസുകളില്‍ 12 വില്ലേജ് ഓഫിസുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. മൂന്നു വില്ലേജ് ഓഫീസുകളില്‍ ഒരോരുത്തര് മാത്രമാണ് ഹാജരായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
റവന്യു ടവറിലെ ആര്‍ടി ഓഫീസ്, മേജര്‍ ഇറിഗേഷന്‍ ഓഫിസ്, മൃഗാശുപത്രികള്‍, കൃഷി ഭവനുകള്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് ബാധിച്ചു. വിവിധ ഓഫീസുകളില്‍ ആവശ്യങ്ങള്‍ക്കായി നൂറുകണക്കിന് ആളുകള്‍ നിരാശരായി മടങ്ങി. പണിമുടക്കിനെ നേരിടാന്‍ സര്ക്കാന് ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും ജീവനക്കാര്‍ ഉറച്ച നിലപാടാണ് സ്വീകരിച്ചത്.