മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡ് തുറന്നു
1508074
Friday, January 24, 2025 7:01 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള നവീകരിച്ച റോഡ് തുറന്നു. അതേസമയം, ഒപി വിഭാഗത്തിലേക്കുള്ള റോഡ് നവീകരണത്തിനായി താത്കാലികമായി അടച്ചിരിക്കുകയാണ്.
ഇതേത്തുടർന്ന് ഇന്നലെ മുതൽ വാഹനങ്ങളും ആശുപത്രിയിലെത്തുന്നവരും അത്യാഹിതത്തിലേക്കുള്ള ഈ റോഡിലൂടെയാണ് ആശുപത്രിയിലേക്കു പ്രവേശിക്കുന്നത്.
ആശുപത്രി കവാടത്തിന്റെയും റോഡുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. 99 ലക്ഷത്തിൽപരം രൂപയാണ് ഇവയുടെ നിർമാണത്തിനായി ചെലവഴിക്കുന്നത്.
മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്കു ശ്രദ്ധേയമായ തരത്തിൽ കവാടമില്ലാതിരുന്നത് ദൂരെ സ്ഥലങ്ങളിൽനിന്നും രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് വഴി തെറ്റുന്നതിന് ഇടയാക്കിയിരുന്നു. പുതിയ കവാടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഇതിനും പരിഹാരമാകും.