മെഡിക്കൽ കോളജിൽ കുടിവെള്ളമില്ലാതെ രോഗികൾ
1507781
Thursday, January 23, 2025 7:01 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ കുടിവെള്ളമില്ലാതെ വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും. വിവിധ ചികിത്സകൾക്ക് നിരവധി വാർഡുകളാണ് മെഡിക്കൽ കോളജിലുള്ളത്. ഈ വാർഡുകളിൽ നൂറുകണക്കിനു രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമുണ്ട്. ഇതിനു പുറമെ ഒപിയിലും ദിവസേന ആയിരക്കണക്കിനാളുകളെത്തുന്നു.
മധ്യകേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽനിന്നും രോഗികൾ ഇവിടെ ചികിത്സ തേടുന്നു. എന്നാൽ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുടിക്കുന്നതിനുള്ള ശുദ്ധജലം ഇവിടെ കിട്ടാക്കനിയാണ്. രണ്ടാം വാർഡിനും മൂന്നാം വാർഡിനും സമീപത്തായി മുമ്പ് കുടിവെള്ളം ലഭിക്കുന്നതിന് സംവിധാനമേർപ്പെടുത്തിരുന്നെങ്കിലും നിലവിലത് പ്രവർത്തനക്ഷമല്ല. ഒപിയിലെത്തുന്ന രോഗികൾക്കായി ഒപി ടിക്കറ്റ് എടുക്കുന്ന സ്ഥലത്തും ശുദ്ധജല ജാർ വച്ചിരുന്നെങ്കിലും ഇതും പ്രവർത്തനരഹിതമാണ്.
പ്രധാന ഫാർമസിക്ക് സമീപത്ത് വാട്ടർ എടിഎം സംവിധാനമുണ്ടെങ്കിലും ഇവിടെയും പല സമയത്തും വെള്ളം ലഭിക്കുന്നില്ലായെന്ന് രോഗികൾ പറയുന്നു. നിലവിൽ ബാത്റൂമിലെ പൈപ്പു വെള്ളമാണ് പാത്രം കഴുകുന്നത്തിനും മറ്റും രോഗികൾ ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നു.
ഇരുപതു രൂപ മുടക്കി കുപ്പിവെള്ളം വാങ്ങുന്നവരാണ് ഏറെയും. കൈയിൽ കാശില്ലാത്തവർ കടുത്ത ക്ലോറിൻ ചുവയുള്ള പൈപ്പുവെള്ളം കുടിക്കണം. ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടുന്ന മെഡിക്കൽ കോളജിൽ ശുദ്ധമായ കുടിവെള്ളത്തിനുള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കപ്പെടണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു.