അതിരമ്പുഴ പള്ളിയിൽ ദേശക്കഴുന്ന് ഇന്നു സമാപിക്കും
1507776
Thursday, January 23, 2025 7:01 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് 20 മുതൽ നടന്നു വരുന്ന ദേശക്കഴുന്ന് ഇന്ന് സമാപിക്കും. ഇന്ന് വടക്കുംഭാഗത്തിന്റെ ദേശക്കഴുന്നാണ് നടക്കുന്നത്. വൈകുന്നേരം ആറിന് റീത്താ ചാപ്പലിൽനിന്നും ഓണംതുരുത്ത് സെന്റ് ജോർജ് ചാപ്പലിൽനിന്നും ആരംഭിക്കുന്ന കഴുന്നു പ്രദക്ഷിണങ്ങൾ വടക്കുംഭാഗത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് 7.45ന് മുണ്ടുവേലിപ്പടി ജംഗ്ഷനിൽ എത്തി യോജിച്ച് സംയുക്ത പ്രദക്ഷിണം ടൗൺ കപ്പേളയിൽ എത്തും.
അവിടെ ലദീഞ്ഞിനു ശേഷം പ്രധാന വീഥിയിലൂടെ നീണ്ടി ഒമ്പതിന് ചെറിയപള്ളിയിൽ എത്തി സമാപിക്കും. തുടർന്ന് ജോൺപോൾ രണ്ടാമൻ നഗറിൽ ഫ്യൂഷൻ ഷോ നടക്കും.
കിഴക്കുംഭാഗം ദേശക്കഴുന്ന് ഭക്തിനിർഭരം
ഇന്നലെ നടന്ന കിഴക്കുംഭാഗം ദേശക്കഴുന്ന് ഭക്തിനിർഭരമായി. കിഴക്കുംഭാഗത്തെ അഞ്ചു കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച പ്രദക്ഷിണങ്ങൾ വിവിധ സ്ഥലങ്ങളിൽവച്ച് സംഗമിച്ച് സംയുക്ത പ്രദക്ഷിണം രാത്രി ഒമ്പതിന് ചെറിയപള്ളിയിലെത്തി സമാപിച്ചു.
കിഴക്കുംഭാഗത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ദേശക്കഴുന്നിന് വിവിധ മതസ്ഥരായ ഭക്തജനങ്ങൾ ഭക്തിനിർഭരമായ വരവേല്പ് നൽകി. വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റന്റു വികാരിമാരായ ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ, ഫാ. ജോബി മംഗലത്ത്കരോട്ട്, ഫാ. അലക്സ് വടശേരിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദികർ തിരുക്കർമങ്ങളിൽ കാർമികത്വം വഹിച്ചു.
ജനറൽ കൺവീനർ സിബി ജേക്കബ് വേങ്ങത്തടത്തിൽ, കൺവീനർമാരായ ഷാജി സെബാസ്റ്റ്യൻ പള്ളത്ത്, ബിജു ജോസഫ് കറുകച്ചേരിൽ, ടോമി തോമസ് പൂവംനിൽക്കുന്നതിൽ, ജോസ് ഒഴുകയിൽ, കെ.എൽ. തോമസ് കിളിയംപുരയ്ക്കൽ, ബാബു കളപ്പുരത്തട്ടേൽ, സജി സെബാസ്റ്റ്യൻ മുല്ലപ്പള്ളി, തോമസ് ഉള്ളംപള്ളിൽ എന്നിവർ നേതൃത്വം നൽകി.
വൈദ്യുത വർണദീപങ്ങൾ ഇന്നു മിഴിതുറക്കും
അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചുള്ള നയന മനോഹരമായ വൈദ്യുത ദീപാലങ്കാരങ്ങൾ പ്രസിദ്ധമാണ്. വലിയപള്ളിയും ചെറിയപള്ളിയും പരിസരങ്ങളും ചന്തക്കടവും ടൗൺ കപ്പേളയും പ്രദക്ഷിണ വീഥികളുമെല്ലാം വർണദീപങ്ങളാൽ ദീപ്തമാകും.
വൈദ്യുത ദീപാലങ്കാരങ്ങൾ ഇന്നു രാത്രി മിഴി തുറക്കും. തൊഴിലാളികളുടെ നേതൃത്വത്തിലുള്ള ചന്തക്കടവിലെ ദീപാലങ്കാരങ്ങളുടെ സ്വിച്ചോൺ കർമം ഇന്ന് രാത്രി ഏഴിന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ നിർവഹിക്കും.
വൈദിക-സന്യസ്ത ദിനം
രാവിലെ 5.45ന് സപ്രാ, വടക്കുംഭാഗത്തിന്റെ തിരുനാൾ കുർബാന (വലിയപള്ളിയിൽ): മോൺ. ആന്റണി എത്തയ്ക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്, ചങ്ങനാശേരി അതിരൂപത)
7.30ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന (ചെറിയപള്ളിയിൽ): ഫാ. ജോർജ് വള്ളിയാംതടം എംസിബിഎസ് (റെക്ടർ, എംസിബിഎസ് സെമിനാരി)
11.00ന് വിശുദ്ധ കുർബാന (ചെറിയപള്ളിയിൽ): ഫാ. തോമസ് പാറതോട്ടാൽ (വികാരി, സെന്റ് സേവ്യേഴ്സ് പള്ളി, കട്ടച്ചിറ)
ഉച്ചകഴിഞ്ഞ് 3.00ന് വിശുദ്ധ കുർബാന (ചെറിയപള്ളിയിൽ): ഫാ. ഗ്രിഗറി മേപ്പുറം (വികാരി, സെന്റ് ജോസഫ്സ് പള്ളി, കാര്യവട്ടം)
വൈകുന്നേരം 5.45ന് ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന (ചെറിയപള്ളിയിൽ): ഫാ. ആശിഷ് പ്ലാംപറമ്പിൽ (വികാരി, 12 ശ്ലീഹന്മാരുടെ പള്ളി, മാന്നാനം)
6.00ന് വടക്കുംഭാഗം ദേശക്കഴുന്ന് ആരംഭം, രാത്രി 9.00ന് ദേശക്കഴുന്ന് സമാപനം, ലദീഞ്ഞ് (ചെറിയപള്ളിയിൽ)