ഇഎസ്ഐ ആശുപത്രിയുടെ വികസനത്തിന് പദ്ധതി തയാറാക്കും: ഫ്രാൻസിസ് ജോർജ് എംപി
1497597
Thursday, January 23, 2025 12:11 AM IST
കോട്ടയം: വടവാതൂർ ഇഎസ്ഐ ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പ്രത്യേക പദ്ധതി തയാറാക്കുമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി.
ആശുപത്രിയുടെ നിലവിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വടവാതൂർ ഇഎസ്ഐ ആശുപത്രിയിൽ നടത്തിയ സന്ദർശനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തി അമ്പതിനായിരത്തോളം ഗുണഭോക്താക്കളും പതിനൊന്ന് ഡിസ്പെൻസറികളും ഉള്ള ആശുപത്രിയിൽ അടിസ്ഥാന വികസന രംഗത്ത് ഒട്ടേറെ കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതായിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.
ഹൃസ്വകാല, ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർദേശിച്ചിട്ടുണന്നും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിക്കുക, വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ,വിവിധ ടെക്നീഷൻമാർ എന്നിവരെ നിയമിക്കുക, ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുക, കീമോ ചെയ്യാനുള്ള സൗകര്യം ഒരുക്കുക, സ്റ്റാഫ് ക്വാർട്ടേഴ്സുകൾ പുതുക്കി പണിയുക, ആംബുലൻസ് സർവീസ് തുടങ്ങുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപിക്ക് നൽകിയ നിവേദനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. സി.എസ്. അജിത ആവശ്യപ്പെട്ടു.
വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, ആശുപത്രി സൂപ്രണ്ട് ഡോ.സി.എസ്.അജിത, ആർ.എം.ഒ. ഡോ. ടിബിൻ തോമസ്, പഞ്ചായത്ത് അംഗങ്ങളായ ബാബു പി. ജോസഫ്, കുര്യൻ വർക്കി ആശുപത്രി വികസനസമിതി അംഗങ്ങളായ ആർപ്പൂക്കര തങ്കച്ചൻ,സി.കെ. സ്കറിയ എന്നിവർ സംബന്ധിച്ചു.