മാടപ്പള്ളി പഞ്ചായത്തിലെ റോഡുകളുടെ സ്ഥിതി ശോചനീയം
1507792
Thursday, January 23, 2025 7:11 AM IST
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലൂടെയുള്ള റോഡുകൾ മെറ്റൽ ഇളകിയും കോണ്‍ക്രീറ്റിംഗ് പൊട്ടിത്തകർന്നും ശോചനീയാവസ്ഥയിൽ. വാഹനസഞ്ചാരവും കാല്നടപ്പും ദുരിതമായതോടെ ജനങ്ങള്‍ പ്രതിഷേധത്തിനൊരുങ്ങുന്നു. റോഡുകള്‍ നന്നാക്കാത്തതുമൂലം വാര്ഡുമെംബര്മാര്ക്കും തലയുയര്‍ത്തി നടക്കാനാവാത്ത അവസ്ഥയാണ്.
ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതും റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. പൈപ്പിടാൻ കുഴിച്ച കുഴികള്‍ ടാറിംഗ് നടത്താത്തതുമൂലം പൂവത്തുംമൂട്, നടയ്ക്കപ്പാടം, മാമ്മൂട് ജംഗ്ഷനുകളില്‍ റോഡുകള്‍ തകര്‍ന്ന നിലയിലാണ്.
മുക്കാട്ടുകുന്ന്-നാട്ടുവ റോഡ് തകര്‍ന്നു; വത്തിക്കാനിലെത്താന്‍ പെടാപ്പാട്
പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കുറുമ്പനാടം ഫൊറോനപള്ളിക്കു സമീപത്തുനിന്നുമാരംഭിക്കുന്ന മുക്കാട്ടുകുന്ന്-നാട്ടുവ റോഡിന്റെ അറ്റകുറ്റപ്പണിക്കായി നാട്ടുകാര്‍ പഞ്ചായത്തില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
കുറുമ്പനാടത്തുള്ള വത്തിക്കാനിലൂടെ കടന്നുപോകുന്ന റോഡാണിത്. ഒരു വശത്ത് നെല്‍പ്പാടവും മറുവശത്ത് തോടുമുള്ള ഈ റോഡിലൂടെയുള്ള വാഹനസഞ്ചാരം അപകടകരമാണ്. റോഡില്‍ വലിയതും ആഴമുള്ളതുമായ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡില്‍ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണംവിട്ടു മറിയുന്നത് പതിവാണ്. തോടിന്റെ വശങ്ങളിലെ കല്‍ക്കെട്ടുകള്‍ ഇടിഞ്ഞുവീഴാറായ നിലയിലാണ്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
photo
മാടപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കുറുമ്പനാടം ഫൊറോന പള്ളിക്കു സമീപത്തുനിന്നാരംഭിക്കുന്ന മുക്കാട്ടുകുന്ന്-നാട്ടുവ റോഡ് തകര്‍ന്ന നിലയില്‍.