ജില്ലാ പഞ്ചായത്തംഗങ്ങള്‍ രാജസ്ഥാനില്‍ പഠനയാത്രയില്
1497602
Thursday, January 23, 2025 12:20 AM IST
കോട്ടയം: ജില്ലാ പഞ്ചായത്തംഗങ്ങളും ജില്ലാ ആസൂത്രണ സമിതി ഉദ്യോഗസ്ഥരും രാജസ്ഥാനില്‍ പഠനയാത്രയില്.
18 ജില്ലാ പഞ്ചായത്തംഗങ്ങളും ജില്ലാ ആസുത്രണസമിതിയംഗവും ഉദ്യോഗസ്ഥരുമടങ്ങുന്ന 27 അംഗ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറു ദിവസത്തെ പഠന യാത്രയ്ക്കായി രാജസ്ഥാനിലേക്ക് തിരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും വൈസ് പ്രസിഡന്റ് ജോസ് പുത്തന്കാലയും നേതൃത്വം നല്കുന്ന പഠന സംഘത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഭൂരിഭാഗം അംഗങ്ങളുമുണ്ട്. ചില അംഗങ്ങള്‍ ശാരീരിക അസ്വസ്ഥകള്‍ മൂലം യാത്രയില്‍നിന്ന് ഒഴിവാകുകയായിരുന്നു.
കൃഷി, മാലിന്യ സംസ്കരണം, വികേന്ദ്രീകൃത ആസൂത്രണം, ചെറുകിട സൂക്ഷ്മ വ്യവസായ സംരഭങ്ങള്‍, രാജസ്ഥാന്റെ ചരിത്രവും സംസ്കാരവും എന്നിവയേക്കുറിച്ച് പഠിക്കുന്നതിനായിട്ടാണ് പഠന യാത്ര. ഒരാള്‍ക്ക് യാത്ര ചെലവ് ഇനത്തില്‍ മാത്രം 38,000 രൂപ ചെലവുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ കൃഷി, മൃഗസംരക്ഷണം, മാലിന്യ സംസ്കരണം ഇവ പഠിക്കുന്നതിനായി സിക്കിം, ഹിമച്ചല്പ്രദേശ്, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക് പഠന യാത്രകള്‍ നടത്തിയിരുന്നു.
തദ്ദേശസ്വയം ഭരണ വകുപ്പുമായി ചേര്‍ന്നു കില പഠന കേന്ദ്രമാണ് പഠനയാത്ര സംഘടിപ്പിക്കുന്നത്. പഠനം നടത്തുന്നതല്ലാതെ പഠിച്ച കാര്യങ്ങളില്‍ ഒരെണ്ണം പോലും ജില്ലയില്‍ നടപ്പാക്കുന്നതിന് ശ്രമിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പദ്ധതി നിര്‍വഹണം, ആസൂത്രണം, പ്രോജക്ടുകള്‍ സമര്‍പ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പഠനയാത്ര പ്രയേജനപ്പെടുന്നുണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി പറയുന്നത്.