കടുത്തുരുത്തി ടൗണില്‍ കാര്‍ ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം കാല്‍നടയാത്രക്കാരെയും ഇടിച്ചു
1508082
Friday, January 24, 2025 7:21 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ടൗണില്‍ കാര്‍ ബൈക്കിലും മറ്റൊരു കാറിലും ഇടിച്ച ശേഷം കാല്‍നടയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ ഇടിച്ചു തകര്‍ത്ത ശേഷം വലിയപാലത്തില്‍ ഇടിച്ചു കയറി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
അപകടത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 3.15 ഓടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് അപകടം. ഞീഴൂര്‍ റോഡിലൂടെ കയറി വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയം സ്വദേശികളായ ദമ്പതികളാണ് അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നത്. വനിതയാണ് കാര്‍ ഓടിച്ചിരുന്നത്. ഏറ്റുമാനൂര്‍ - വൈക്കം റോഡിലേക്കു പ്രവേശിക്കുന്നതിനിടെ ഇതേ റോഡിലൂടെയെത്തി മുന്നിലൂടെ കടന്നുപോയ ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. മങ്ങാട് തണ്ണൂക്കാവ് ചെല്ലമ്മ കുട്ടപ്പന് (65),
ദമ്പതികളായ കീഴൂര്‍ വടക്കേപ്പറമ്പില്‍ സാമുവേല്‍ ദേവസ്യാ (63), ഭാര്യ അമ്മിണി (62) എന്നിവരെയാണ് കാര്‍ ഇടിച്ചത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. എഴുമാന്തുരുത്ത് വള്ളിക്കേരി ജീമോന്‍ (48) സപ്ലൈകോയില്‍ പോയ ശേഷം സ്കൂട്ടര്‍ പാലത്തിന് സമീപം പാര്‍ക്ക് ചെയ്തു സമീപത്തെ എടിഎമ്മിലേക്കു പോയ സമയത്താണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ ജീമോന്റെ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു പാലത്തിലേക്കു കയറ്റിയത്.
കാറിന്റെ അടിയിലകപ്പെട്ട സ്കൂട്ടര്‍ പരിപൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് വാഹനഗാഗതം നിയന്ത്രിച്ചത് പിന്നീട് പാലത്തില്‍ ഇടിച്ചു കയറി നിന്ന കാര്‍ നീക്കിയ ശേഷം ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്.