ഭിന്നശേഷി കുട്ടികളുടെ കലോത്സവം നാളെ
1507850
Thursday, January 23, 2025 11:54 PM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ഭിന്നശേഷി കുട്ടികളുടെ കലോത്സവം - ശലഭോത്സവം 2025 - നാളെ രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ശലഭോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് സമ്മാനദാനം നിര്‍വഹിക്കും. സെന്റ് ഡൊമിനിക്സ് കോളജ് ബർസാർ റവ.ഡോ. മനോജ് പാലക്കുടി അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസി ഷാജൻ, ശുഭേഷ് സുധാകരൻ, പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി ഇരുന്നൂറിലധികം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കും. കലാ, കായിക, ചിത്രരചന മത്സരങ്ങളാണ് ശലഭോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്.
പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ, ടി.ജെ. മോഹനൻ എന്നിവർ പങ്കെടുത്തു.