വെള്ളൂരില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷണം പോയി
1508081
Friday, January 24, 2025 7:21 AM IST
കടുത്തുരുത്തി: വെള്ളൂരില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷണം പോയി. വെള്ളൂര്‍ ഇറുമ്പയം തണ്ണിപ്പള്ളിയില്‍ വീട്ടുമുറ്റത്തിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്കാണ് മോഷ്ടിച്ചത്.
കൊച്ചി സിറ്റി പോലീസിന് കീഴിലുളള തൃപ്പൂണിത്തറ എആര്‍ ക്യാമ്പിലെ ഇറുമ്പയം പുത്തന്‍പറമ്പില്‍ വിഷ്ണു അര്. ഭരതിന്റെ കെഎല്‍ 36 ജി 4620 എന്ന നമ്പരിലുള്ള പള്‍സര്‍ ബൈക്കാണ് മോഷണം പോയത്.
ബുധനാഴ്ച രാത്രി 11.30 നും ഇന്നലെ പുലര്‍ച്ചയ്ക്കുമിടയിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ എട്ടോടെ ബൈക്ക് എടുക്കാന്‍ വന്നപ്പോഴാണ് മോഷണ വിവരം വിഷ്ണു അറിയുന്നത്. തുടര്‍ന്ന് വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
പ്രദേശത്തെ സിസി ടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മോഷണം പോയ ബൈക്ക് തിരുവനന്തപുരം ആറ്റിങ്ങലിനു സമീപത്തെ റോഡിലൂടെ ഇന്നലെ രാവിലെ 7.45 ഓടെ കടന്നുപോയതായുള്ള സിസി ടിവി ദൃശ്യം ലഭിച്ചതായി വിഷ്ണു പറഞ്ഞു.