വീയപുരം-വാലടി-തുരുത്തി റോഡ് പുനര്‍നിര്‍മാണം: 107 കോടിയുടെ പദ്ധതി
1497503
Wednesday, January 22, 2025 7:49 AM IST
ചങ്ങനാശേരി: വീയപുരം-എടത്വാ-പുതുക്കരി-മാമ്പുഴക്കരി-കിടങ്ങറ-കുന്നങ്കരി-കുമരങ്കരി-വാലടി-മുളയ്ക്കാംതുരുത്തി തുരുത്തി റോഡ് പുനര്‍നിര്‍മിക്കുന്നതിന് 107 കോടി രൂപയുടെ പദ്ധതിക്ക് ടെന്‍ഡര്‍ വിജ്ഞാപനമായി. ഉന്നതനിലവാരത്തില്‍ പുനരധിവാസത്തിനും നവീകരണത്തിനും അര്‍ഹരായ ബിഡമാരില്നിന്ന് ബാലന്‍സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎസ്ടിപിയാണ് ഓണ്‍ലൈന്‍ ബിഡുകള്‍ ക്ഷണിച്ചതെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.
2018ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാലാവസ്ഥാപ്രതിരോധ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഈ റോഡിന്റെ നിര്‍മാണത്തിന് വേള്‍ഡ് ബാങ്കില്‍നിന്ന് ധനസഹായം ലഭിച്ചിരുന്നു. എന്നാല്‍, ഈ പദ്ധതിയുടെ ആദ്യകരാറുകാരന് പ്രാരംഭ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പഴയ കരാറുകാരനെ പിരിച്ചുവിട്ടശേഷമാണ് റോഡ് പുനരധിവാസത്തിനും നവീകരണത്തിനും അര്‍ഹരായ ബിഡര്‍മാരില്‍ നിന്ന് അധികം നില്ക്കുന്ന വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎസ്ടിപി ഇപ്പോള്‍ ഓണ്‍ലൈന്‍ ബിഡുകള്‍ ക്ഷണിച്ചിരിക്കുന്നത്.
പരാതികള്‍ക്കിടം നല്‍കാതെ നിര്‍മാണം പൂര്‍ത്തിയാക്കും:ജോബ് മൈക്കിള്‍
ഈ റോഡിന് 21.457 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. കണ്‍സ്ട്രക്ഷന്‍ സൂപ്പര്വിഷന് കണ്‍സള്‍ട്ടന്റ് (സിഎസ്സി) മുഖേന കെഎസ്ടിപിക്കാണ് നിര്‍മാണത്തിന്റെ മേല്‍നോട്ടം.
വളരെ നാളത്തെ അക്ഷീണ പരിശ്രമത്തിനൊടുവില്‍ റോഡ് നിർമാണത്തിന്റെ ടെന്‍ഡര്‍ നടപടിയിലേക്കു കടക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പരാതികള്‍ക്കിടം കൊടുക്കാതെ നിര്‍മാണം മുന്നോട്ടു പോകുമെന്നും ജോബ് മൈക്കിള്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
പുനര്‍ ടെന്‍ഡര്‍ യാഥാര്‍ഥ്യമായതില്‍ സന്തോഷം: റോഡ് പുനരുദ്ധാരണ സമിതി
കുട്ടനാട്: വീയപുരം-എടത്വ-മാമ്പുഴക്കരി-കിടങ്ങറ-വാലടി-തുരുത്തി റോഡിന്റെ പുനര്‍ ടെന്‍ഡര്‍ യാഥാര്‍ഥ്യമായതിൽ സന്തോഷമെന്ന് റോഡ് പുനരുദ്ധാരണ സമിതി. ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതുള്‍പ്പെടെ ഒന്നരവര്‍ഷത്തെ പ്രയത്നങ്ങള്‍ ഫലമണിഞ്ഞതായി സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ വി. വേണുവിന് ജന്മനാടായ തലവടിയില്‍ പുനരുദ്ധാരണ സമിതിയുടെ നേതൃത്വത്തില്‍ നല്കിയ സ്വീകരണത്തില്‍ റോഡിന്റെ സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടി സമിതി നിവേദനം നല്‍കിയിരുന്നു.
തുടര്‍ന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റി ചേര്‍ന്ന് മുന്‍ കോണ്‍ട്രാക്ടറെ ടെര്‍മിനേറ്റ് ചെയ്യുകയും പുനര്‍ ടെന്‍ഡറിന് മുന്നോടിയായി എസ്റ്റിമേറ്റ് പുതുക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയെന്നും സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പുനരുദ്ധാരണ സമിതിക്കുവേണ്ടി എസ്. മണിലാല്‍ പണിക്കര്‍, കെ. ഗോപി, കെ. ഗോപകുമാര്‍, ശശികുമാര്‍ നല്ലറയ്ക്കല് തുടങ്ങിയവരാണ് നിവേദനം നല്‍കിയത്.