പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ഏഴു കോടിയുടെ ഭരണാനുമതി
1497224
Wednesday, January 22, 2025 3:10 AM IST
പാലാ: പ്രളയക്കെടുതിയില്‍ തകര്‍ന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മിക്കാന്‍ ഏഴു കോടിയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എംപി.
സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പാണ് ഭരണാനുമതി നല്‍കിയത്. 2024-25ലെ സംസ്ഥാന ബജറ്റില്‍ ഇതു സംബന്ധിച്ചു തുക വകയിരുത്തിയിരുന്നു. വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സമര്പ്പിക്കപ്പെട്ടതിനെത്തുടര്ന്നാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചത്. കെ.എം. മാണി ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ 22 കോടി രൂപ മുടക്കിയാണ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമാക്കി നിര്‍മിച്ചത്.
വെള്ളപ്പൊക്കത്തില്‍ സ്റ്റേഡിയത്തിലെ ട്രാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചില ഭാഗങ്ങള്‍ അടര്‍ന്നു പോവുകയും ചെയ്തിരുന്നു.
ജോസ് കെ. മാണി എംപിയും തോമസ് ചാഴികാടനും ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ബജറ്റില്‍ ഏഴു കോടി രൂപ ഉള്‍പ്പെടുത്തി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചത്.
ഉടന്‍ സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ ചെയ്ത് സിന്തറ്റിക് ട്രാക്കിന്റെ കേടുപാടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സംസ്ഥാന കായികവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് എംപി പറഞ്ഞു.