സ്വയരക്ഷയ്ക്ക് കരാട്ടെ പരിശീലിച്ച് വിദ്യർഥിനികൾ
1497557
Wednesday, January 22, 2025 10:39 PM IST
അരുവിത്തുറ: സ്വയരക്ഷയ്ക്കായി കരാട്ടെ പരിശീലിക്കുകയാണ് അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ വിദ്യാർഥിനികൾ. കോളജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥിനികൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിക്കുന്നത്. അതിക്രമങ്ങളിൽനിന്നു സ്വയം രക്ഷനേടാനുള്ള മാർഗങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് നിർവഹിച്ചു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വിമൻ സെൽ കോ-ഓർഡിനേറ്റർ തേജിമോൾ ജോർജ്, പ്രോഗ്രാം കൺവീനർ നാൻസി വി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
അൻസി ഖാൻ ഷിന്റെ റെയു കേരള ഇന്റർനാഷണൽ ബ്ലാക്ക് ബെൽറ്റ് തേർഡ് ഡാൻ വി.എസ്. സുരേഷ് പരിശീലന പരിപാടിക്കു നേതൃത്വം നൽകി. സ്വയം പ്രതിരോധ പരിശീലനരംഗത്ത് വർഷങ്ങളായി സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന വി.എസ്. സുരേഷിനെ കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് ഉപഹാരം നൽകി ആദരിച്ചു.