17066.49 ഏക്കർ സംരക്ഷിത വനമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ
1497595
Thursday, January 23, 2025 12:11 AM IST
കട്ടപ്പന: മൂന്നാറിൽ ജനവാസ മേഖലകളും തോട്ടം മേഖലകളും ഉൾപ്പെടുത്തി 17066.49 ഏക്കർ ഭൂമി സംരക്ഷിത വനമാക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.
ജില്ലയുടെ ആകെ ഭൂവിസ്തൃതിയുടെ പകുതിയിലേറെ നിലവിൽ വനമാണ്. ഇതു വീണ്ടും വർധിപ്പിക്കാനുള്ള ഗൂഢ നീക്കമാണ് ഇടതുസർക്കാർ നടത്തുന്നത്. സൂര്യനെല്ലിയിലും ചെങ്കുളത്തും ചിന്നക്കനാലിലും ആനയിറങ്കലിലും കുമളിയിലും പിണറായി സർക്കാർ 1837 ഏക്കർ ഭൂമി സംരക്ഷിത വനമായി വിഞ്ജാപനം ചെയ്തത് കൂടാതെയാണ് മുന്നാറിൽ കണ്ണൻ ദേവൻ റിസർവെന്ന പേരിൽ കഴിഞ്ഞ വിഎസ് സർക്കാർ കരട് വിഞ്ജാപനമിറക്കിയത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമായിരുന്നു അന്ന് വനംവകുപ്പ് മന്ത്രി. ജില്ലയിൽ ഒരിഞ്ചുപോലും വനവിസ്തൃതി വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രസംഗിക്കുകയും അതീവ രഹസ്യമായി ജനവാസ മേഖലകൾ വനമാക്കി മാറ്റുകയുമാണ് ഇടതുസർക്കാർ ചെയ്യുന്നത്. ജില്ലയിലെ ഇടതുനേതാക്കൾ ഇതിന് ഒത്താശ ചെയ്യുകയാണ്. വനം വകുപ്പിന്റെ 2021 - 22 വർഷത്തെ ഭരണറിപ്പോർട്ടിൽ മൂന്നാർ ഡിവിഷന് കീഴിൽ സംരക്ഷിത വനമാക്കാനുള്ള 71.999 ചതുരശ്ര കിലോമീറ്റർ ഭൂമിയുടെ കാര്യം പറഞ്ഞിരുന്നു. ഈ ഭൂമി എവിടെയാണെന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ അപേക്ഷ നൽകിയപ്പോഴാണ് ഈ റിസർവിന്റെ കാര്യം പുറത്തറിയുന്നത്.
2010 ഒക്ടോബർ എട്ടിനാണ് കണ്ണൻ ദേവൻ റിസർവ് എന്ന പേരിൽ മുന്നാറിൽ സംരക്ഷിത വനത്തിന്റെ കരട് വിഞ്ജാപനമിറങ്ങുന്നത്. ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറായി ദേവികുളം ആർഡിഒയെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം 2021 അവസാനം വരെ ഈ റിസർവിന്റെ തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കരട് വിഞ്ജാപനത്തിന്റെ പരിധിയിൽവരുന്ന സർവേനന്പറിൽ ഉൾപ്പെട്ട ഭൂമിയുടെ ലാൻഡ് രജിസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കുന്നതിനായി വനം വകുപ്പ് റീസർവേ അസിസ്റ്റന്റ് ഡയറക്ടർക്ക് 2021 ഡിസംബർ 15ന് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് കണ്ണൻ ദേവൻ റിസർവിന്റെ അന്തിമ വിജ്ഞാപനമിറക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചുവെന്ന് വ്യക്തമായത്.
ദേവികുളം താലൂക്കിലെ കെഡിഎച്ച് വില്ലേജിൽ 16, 17, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 41, 43 എന്നീ 16 ബ്ലോക്ക് നന്പറുകളിൽ ഉൾപ്പെട്ട ഭൂമിയാണ് കണ്ണൻ ദേവൻ റിസർവിലുള്ളത്. സെവൻമല, ലക്ഷ്മി, ചൊക്കനാട് തുടങ്ങി നിരവധി എസ്റ്റേറ്റ് ഡിവിഷനുകൾ ഈ റിസർവിന്റെ പരിധിയിൽ ഉൾപ്പെടുന്നുണ്ട് . നൂറുകണക്കിന് എസ്റ്റേറ്റ് ലയങ്ങളും ആയിരക്കണക്കിനു തൊഴിലാളികളും റിസർവിന്റെ പരിധിയിൽ താമസിക്കുന്നുണ്ട്. എസ്റ്റേറ്റ് ലയങ്ങളോട് ചേർന്ന് സംരക്ഷിത വനമുണ്ടായാൽ വന്യജീവി ശല്ല്യം കാരണം ഈ പ്രാദേശങ്ങളിൽ ജനജീവിതം അസാധ്യമായി മാറും. പതിനായിരക്കണക്കിന് തോട്ടം തൊഴിലാളികളെയാകും ഇത് പ്രതികൂലമായി ബാധിക്കുക.
മൂന്നാർ ടൗണിനോട് ചേർന്നുള്ള ബ്ലോക്ക് നന്പർ 16ലെ ഭൂമിയും പള്ളിവാസൽ, കാന്തല്ലൂർ, വട്ടവട വില്ലേജുകളുടെ അതിർത്തി വരെയുള്ള തോട്ടങ്ങൾ ഒഴികെയുള്ള ഭൂമിയും കരട് വിജ്ഞാപന പ്രകാരം സംരക്ഷിത വനമാണ് . മൂന്നാർ ഗവ. കോളജും സർക്കാർ ക്വാട്ടേഴ്സും സ്ഥിതി ചെയുന്ന ബ്ലോക്ക് നന്പർ 53 ഇതിൽ ഉൾപ്പെടും.
ആയിരകണക്കിന് ടുറിസ്റ്റുകൾ ദിനംപ്രതി വരുന്ന മൂന്നാർ ടൗണിന് ചുറ്റും സംരക്ഷിത വനമാക്കിയാണ് ഇടതു സർക്കാർ കരട് വിജ്ഞാപനമിറക്കിയിരിക്കുന്നത്. കണ്ണൻദേവൻ റിസർവിന്റെ അന്തിമ വിഞ്ജാപനമിറങ്ങിയാൽ മുന്നാറിൽനിന്ന് ജനങ്ങൾ കുടിയിറങ്ങേണ്ടി വരും. അടിയന്തരമായി കണ്ണൻദേവൻ റിസർവിന്റെ തുടർ നടപടികൾ നിർത്തിവെച്ച് കരട് വിഞ്ജാപനം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ബിജോ മാണി, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോണ്ഗ്രസ് ഉടുന്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ ആവശ്യപ്പെട്ടു.