കാഴ്ചപരിമിതിയുള്ള യുവാവിന്റെ വാര്‍ക്കത്തകിടുകള്‍ വീട്ടുടമ പിടിച്ചുവച്ചിരിക്കുന്നതായി പരാതി
1497235
Wednesday, January 22, 2025 3:11 AM IST
കോട്ടയം: കാഴ്ചപരിമിതിയുള്ള യുവാവിന്റെ തൊഴില്‍ ഉത്പന്നമായ വാര്‍ക്കത്തകിടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിടിച്ചുവച്ചിരിക്കുന്നതായി പരാതി. പള്ളിക്കത്തോട് അരുവിക്കുഴി കുറകുന്നേല്‍ സാബു കെ. ജോസഫിന്റെ ഉടമസ്ഥതയിലുള്ള 6.5 ലക്ഷം വിലയുള്ള വാര്ക്കയ്ക്കുള്ള ഉത്പന്നങ്ങള്‍ ഇന്‍കം ടാക്സ് വിജിലന്‍സ് ഉദ്യോഗസ്ഥനായ ആലപ്പുഴ സര്‍വോദയപുരം കാട്ടൂര്‍ തോപ്പില്‍ ശ്രീഹരി പിടിച്ചുവച്ചിരിക്കുന്നതായി സാബു പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മേയ് ഒന്നിനു ശ്രീഹരിയുടെ വീട് നിര്മാണത്തിനുവേണ്ടി കോണ്ട്രാക്ടര് കൊല്ലം കൊട്ടാരക്കര സ്വദേശി ലിജുമോന്റെ നിര്‍ദേശപ്രകാരമാണ് ഷീറ്റുകള്‍ സ്ഥലത്തെത്തിച്ചത്. 204 വാര്‍ക്ക ഷീറ്റുകള്‍, 50 സ്പാന്‍, 130 ജാക്കി, 32 ഹാഫ് ഷീറ്റുകള്‍ എന്നിവയാണു നല്‍കിയത്.
ജൂണ്‍ 25ന് ഉപയോഗശേഷം വാടക ലഭിച്ചതോടെ ലിജുമോന്റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയെങ്കിലും വാര്‍ക്ക ഷീറ്റുകള്‍ എടുക്കാന്‍ ശ്രീഹരി അനുവദിച്ചില്ലെന്നു സാബു പറയുന്നു. നിരവധി തവണ ശ്രീഹരിയുമായി സംസാരിച്ചെങ്കിലും നാളിതുവരെ ഉത്പന്നങ്ങള്‍ എടുക്കാന്‍ സമ്മതിക്കുന്നില്ലെന്ന് സാബു വ്യക്തമാക്കി.
ഇതുസംബന്ധിച്ചു മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും ജില്ല വിട്ടു വാടകസാധനങ്ങള്‍ നല്കിയതിനാല് തിരികെ വാങ്ങിനല്‍കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞതായും സാബു പറഞ്ഞു. 23-ാം വയസില്‍ നിര്‍മാണത്തിനിടെ കിണറ്റില്വച്ചു വെടിപൊട്ടിയതിനെത്തുടര്ന്നു കരിങ്കല്‍ ചീളുകള്‍ തെറിച്ചാണു സാബുവിന്റെ കാഴ്ച നഷ്ടമായത്.
തുടര്‍ന്നാണ് ഉപജീവനമാര്‍ഗമായി വാര്‍ക്കത്തകിടുകള്‍ വാങ്ങി വാടകയ്ക്ക് നല്കാന് തുടങ്ങിയത്. കരാറുകാരനും വീട്ടുടമയും തമ്മിലുള്ള തര്‍ക്കമാണു പ്രശ്നങ്ങള്‍ക്കു കാരണമെന്ന് അനുമാനിക്കുന്നതായും ഒമ്പതു മാസത്തെ വാടകയുള്‍പ്പെടെ വാര്‍ക്ക ഉത്പന്നങ്ങള്‍ തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും സാബു ആവശ്യപ്പെട്ടു.
ഉത്പന്നങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഭാര്യയെും തൊഴിലാളികളെയും കൂട്ടി ശ്രീഹരിയുടെ വീടിനു മുന്നില്‍ സമരമിരിക്കുമെന്ന് സാബു പറഞ്ഞു. അതേസമയം തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ശ്രീഹരി നിഷേധിച്ചു.