വഴിയോര കച്ചവടക്കാരൻ ജീവനൊടുക്കിയതിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം ഇരമ്പി
1497499
Wednesday, January 22, 2025 7:49 AM IST
വൈക്കം: ബോട്ട്ജെട്ടിക്ക് സമീപം വഴിയോരത്ത് പഴക്കട നടത്തിയിരുന്ന പുത്തൻതറയിൽ അശോകൻ ജീവനൊടുക്കിയത് നഗരസഭ അധികൃതർ കടയ്ക്കെതിരേ നടപടി സ്വീകരിച്ചതുമൂലമാണെന്ന് ആരോപിച്ച് ധീവരസഭയുടെ നേതൃത്വത്തിൽ അശോകന്റെ മൃതദേഹം നഗരസഭയ്ക്ക് മുന്നിലെത്തിച്ച് പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ 10.45നാണ് ധീവരസഭ 118-ാം ശാഖാഭാരവാഹികളും കരയോഗ അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ അശോകന്റെ മൃതദേഹവുമായി സമരത്തിനെത്തിയത്.
അശോകന്റെ മരണത്തിലേയ്ക്ക് നയിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ ആവശ്യപ്പെട്ടു. ധീവരസഭ ശാഖായോഗം സെക്രട്ടറി എം.കെ. മോഹനൻ, പ്രസിഡന്റ് ബാഹുലേയൻ കല്ലറയ്ക്കൽ, നഗരസഭ കൗൺസിലർമാരായ ആർ.സന്തോഷ്, എ.സി. മണിയമ്മ, ലേഖ മനോജ്, രാഷ്ട്രീയ കക്ഷി നേതാക്കളായ ഡി. രഞ്ജിത്ത് കുമാർ, എം. സുജിൻ, പി.ആർ. സുഭാഷ്, കെ.ആർ. രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം പോലീസ് ക്വാർട്ടേഴ്സിനു സമീപം പുത്തൻതറയിൽ പി.പി. അശോകനെ(62) ഞായറാഴ്ച രാവിലെ 11.30 ഓടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബന്ധുക്കളും അയൽക്കാരും ചേർന്ന് ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരസഭയുടെ താത്ക്കാലിക ലൈസൻസിലാണ് വർഷങ്ങളായി ബോട്ട് ജെട്ടിക്ക് സമീപം അശോകന്റെ പഴക്കട പ്രവർത്തിച്ചിരുന്നത്.
അനധികൃതമായി നേടിയ വൈദ്യുതകണക്ഷനാണ് വിച്ഛേദിച്ചതെന്നും ഇക്കാര്യത്തിൽ നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഏതുതരത്തിലുള്ള അന്വേഷണവും നേരിടാൻ തയാറാണെന്നും നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് പറഞ്ഞു.