കൂസലില്ലാത്ത ആ മോഷ്ടാവിനെ തേടുകയാണ് എരുമേലി പോലീസ്
1497560
Wednesday, January 22, 2025 10:39 PM IST
എരുമേലി: ചുറ്റും സിസി കാമറകൾ ഉണ്ടെന്നും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷന്റെ മുന്നിലൂടെയാണ് പോകേണ്ടതെന്നും വഴിയിലുടനീളം ശബരിമല സീസൺ ഡ്യൂട്ടിയിൽ പോലീസുണ്ടെന്നും അറിയാവുന്ന ഒരാൾക്ക് മോഷണം നടത്താൻ ധൈര്യം കുറയും. എന്നാൽ, പരിഭ്രമമോ ഭീതിയോ ഇല്ലാതെ അനായാസം മോഷ്ടിച്ച സ്കൂട്ടറുമായി ഹെൽമറ്റില്ലാതെ യുവാവ് സ്വന്തം വണ്ടി ഓടിച്ചു കൊണ്ടുപോകുന്നത് പോലെ പോലീസ് സ്റ്റേഷന് മുന്നിലൂടെ പോയി. ഇതിന്റെ സിസി കാമറ ദൃശ്യം കണ്ട് അമ്പരപ്പിലായ എരുമേലി പോലീസ് പ്രൊഫഷണലായ ആ കള്ളനെ തേടിക്കൊണ്ടിരിക്കുകയാണ്. അന്വേഷണം പ്ലാച്ചേരി പിന്നിട്ട് റാന്നിയിലെത്തി പത്തനംതിട്ട ജില്ലയിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എരുമേലി പോലീസ് സ്റ്റേഷന് തൊട്ടടുത്ത് സർക്കാർ ആശുപത്രി വളപ്പിൽ നിന്നും ജീവനക്കാരിയുടെ കെഎൽ 19ജി 8307 എന്ന നമ്പറിലുള്ള യമഹാ റേയ്സ് നീല നിറമുള്ള സ്കൂട്ടർ ആണ് മോഷ്ടിക്കപ്പെട്ടത്. നിഷ്പ്രയാസം മോഷണം നടത്തുന്ന രീതിയിലായിരുന്നു മോഷണമെന്ന് ആശുപത്രിയിലെ സിസി കാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്.
പരിസരത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കാൻ ആശുപത്രിയിൽ ചുറ്റി നടന്ന ശേഷം സ്കൂട്ടറിൽ താക്കോൽ ഇല്ലാത്തതിനാൽ സ്റ്റാർട്ടിംഗ് സ്വിച്ചിന്റെ കണക്ഷൻ വയർ വേർപ്പെടുത്തി എടുത്ത് കണക്ട് ചെയ്താണ് സ്റ്റാർട്ടാക്കിയത്. മുഖം കണ്ട് തിരിച്ചറിയാതിരിക്കാൻ മാസ്ക്, ഹെൽമറ്റ് എന്നിവയൊന്നും മോഷ്ടാവ് ധരിച്ചിരുന്നില്ല. പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ എത്തിയ ശേഷം റോഡിലൂടെ പ്ലാച്ചേരിയിലെത്തി റാന്നിയിലേക്ക് പോയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പ്ലാച്ചേരിയിൽ കടന്നുപോകുന്നതിന്റെ ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്. റാന്നി മേഖലയിൽ വിവിധ സ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും സിസി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ലഭിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമം തുടരുകയാണ്. മുമ്പ് ഇതേ നിലയിൽ മോഷണം നടത്തിയ പരിചയം ആണ് എരുമേലിയിൽ മോഷണം നടത്താൻ ധൈര്യമായതെന്ന് കരുതുന്നു. താക്കോൽ ഇല്ലാതെ ബൈക്ക് സ്റ്റാർട്ട് ചെയ്യാനും ഇങ്ങനെ മോഷ്ടിക്കുന്ന വാഹനങ്ങൾ പൊളിച്ചു വിൽക്കുന്നതിനും വാഹനം മറ്റ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും പരിചയമുള്ള മോഷ്ടാവ് ആണ് സ്കൂട്ടർ കടത്തിയതെന്ന് സംശയമുണ്ട്. സമാനമായ കുറ്റകൃത്യങ്ങൾക്ക് പിടിയിലായവരുടെ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചു വരികയാണ്.
തിരുവനന്തപുരം സ്വദേശിനിയും എരുമേലിക്ക് അടുത്ത് വാടക വീട്ടിൽ താമസിക്കുന്നതുമായ ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുടെ സ്കൂട്ടർ ആണ് മോഷ്ടിക്കപ്പെട്ടത്. ഹെൽമെറ്റ് ഇല്ലാതെ മോഷ്ടാവ് സ്കൂട്ടറുമായി പോയതിന്റെ എഐ കാമറ ദൃശ്യം വഴി സ്കൂട്ടർ ഉടമയായ ജീവനക്കാരിക്ക് പിഴ നോട്ടീസ് ഉടനെ വരാൻ സാധ്യതയുണ്ട്.