ദേവികുളം ഡിഎഫ്ഒ ഓഫീസിനു മുന്നിൽ അഭിഭാഷകരുടെ പ്രതിഷേധം
1497592
Thursday, January 23, 2025 12:11 AM IST
മൂന്നാർ: ദേവികുളം ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ദേവികുളം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ അഭിഭാഷകർക്ക് എതിരേ പൊതുജനമധ്യത്തിൽ തെറ്റിദ്ധാരണ പരത്തുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ മാസം വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തുകയും മാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുകയാണെന്ന് അഭിഭാഷകർ ആരോപിച്ചു. വാസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു തുടർന്നാൽ പ്രതിഷേധം തുടരുമെന്നും അഭിഭാഷകർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ഡിസംബറിൽ ചന്ദന കടത്തുമായി ബന്ധപ്പെട്ട് ഒ.ആർ 3/2024 എന്ന നന്പറിൽ രജിസ്റ്റർ ചെയ്ത കേസിൽ ആറു പ്രതികളെ വനപാലകർ പിടികൂടുകയും മൂന്നു പേർ കോടതിയിൽ ഹാജരാകുകയും ചെയ്തിരുന്നു.
റിമാൻഡ് ചെയ്ത പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്നു പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകുകയും ചെയ്തിരുന്നു.
എന്നാൽ, ആവശ്യമായ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താതെ മറയൂർ നാച്ചിവയൽ ഫോറസ്റ്റ് സെല്ലിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതികൾ കോടതിയെ ബോധിപ്പിച്ചു. പരാതിയിൽ കഴന്പ് ഉണ്ടെന്ന് കോടതി കണ്ടെത്തിയതോടെയാണ് പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകനെതിരേ വനപാലകർ രംഗത്ത് എത്തിയത്.
വനപാലകർക്ക് എതിരേ മൂന്നു കേസുകൾ എടുത്ത സാഹചര്യത്തിലാണ് വനപാലകരും അഭിഭാഷകരും തമ്മിലുള്ള പോര് രൂക്ഷമായത്.