കൂറുമാറിയവർ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി; പാർട്ടി നിലപാട് കടകവിരുദ്ധം
1497593
Thursday, January 23, 2025 12:11 AM IST
പത്തനംതിട്ട: കൂത്താട്ടുകുളം നഗരസഭയിൽ കൂറുമാറിയ സിപിഎം അംഗത്തെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന പത്തനംതിട്ടയിലെ സിപിഎം നിലപാടിനു വിരുദ്ധം. പത്തനംതിട്ട ജില്ലയിലെ ഒട്ടനവധി തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം പിടിക്കാൻ കൂറുമാറ്റത്തെ പ്രോത്സാഹിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. കൂറുമാറിയവരിൽ പലരും കൂറുമാറ്റ നിരോധന നിയമത്തിൽപ്പെട്ട് അയോഗ്യരാകുകയും ചെയ്തു.
കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം കോയിപ്രം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫിനുണ്ടായിരുന്ന ഭരണം അട്ടിമറിച്ചത് മറുചേരിയിൽനിന്നുള്ളവരെ സ്വീകരിച്ച് എൽഡിഎഫ് പിന്തുണ നൽകിയതിലൂടെയാണ്. കോയിപ്രത്ത് കോൺഗ്രസ് നേതാവായിരുന്ന ഉണ്ണി പ്ലാച്ചേരിയെ മറുകണ്ടം ചാടിച്ച് എൽഡിഎഫ് പിന്തുണയിൽ വൈസ് പ്രസിഡന്റാക്കി. ഇതേ ബ്ലോക്ക് പഞ്ചായത്തിൽ ഒരു കേരള കോൺഗ്രസ് അംഗത്തെയും മറുചേരിയിൽ എത്തിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാൻ കോൺഗ്രസ് വനിതാ അംഗത്തെ മറുകണ്ടം ചാടിച്ചു. അവിശ്വാസത്തിലൂടെ യുഡിഎഫിനെ അട്ടിമറിച്ച് കൂറുമാറിയെത്തിയ അംഗത്തെ പ്രസിഡന്റാക്കിയെങ്കിലും ഭരണം അധികകാലം മുന്നോട്ടുപോയില്ല.
കൂറുമാറ്റത്തിനെതിരേ യുഡിഎഫ് നടത്തിയ നിയമയുദ്ധത്തിനൊടുവിൽ ഭരണം താഴെയിറങ്ങി. കൂറുമാറിയ അംഗം ജിജി സജി അയോഗ്യയാക്കപ്പെടുകയും ഇതേ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വീണ്ടും വിജയിക്കുകയും ചെയ്തതോടെ ഭരണം തിരികെ പിടിക്കാനുമായി.
തിരുവല്ല നഗരസഭയാണ് കൂറുമാറ്റത്തിന്റെ മറ്റൊരു സിരാകേന്ദ്രമായി മാറിയത്. യുഡിഎഫ് അംഗത്തെ കൂട്ടുപിടിച്ച് ഇടക്കാലത്ത് എൽഡിഎഫ് ഭരണം നടത്തി. പിന്നീട് ഇതേ അംഗം മറുപക്ഷത്തെത്തി. യുഡിഎഫിനു തന്നെ ഭരണം വീണ്ടും ലഭിച്ചെങ്കിലും ഉപാധ്യക്ഷ സ്ഥാനത്തേക്കു കഴിഞ്ഞയിടെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയത് ഭരണപക്ഷത്തെ വിള്ളൽ മുതലെടുത്താണ്.
പാർട്ടി വിപ്പ് ലംഘിച്ചവരിൽ സിപിഎം അംഗങ്ങളുമുണ്ട്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞയിടെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിലും പിന്നീട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും സിപിഎം നൽകിയ വിപ്പ് അംഗങ്ങൾ പരസ്യമായി ലംഘിച്ചു.
ചിറ്റാർ ഗ്രാമപഞ്ചായത്തിൽ ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ് അംഗത്തിനു പിന്തുണ നൽകിയത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപിനു പിന്നാലെയാണ്. ഇതേ അംഗത്തെ കോൺഗ്രസുകാർ നൽകിയ പരാതിയിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയപ്പോൾ ഭരണവും നഷ്ടമായി.
റാന്നി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളിലും എൽഡിഎഫ് നിറം മറ്റൊന്നായിരുന്നു. ആദ്യം പ്രസിഡന്റായ കേരള കോൺഗ്രസ് അംഗത്തെ ബിജെപി പിന്തുണച്ചിരുന്നു. പിന്നീട് ഭരണം ഉറപ്പിക്കാൻ അവരെ രാജിവയ്പിച്ചെങ്കിലും യുഡിഎഫ് പക്ഷത്തായിരുന്ന സ്വതന്ത്രാംഗത്തെ പിന്തുണച്ചു. പിന്നാലെ ഒരു കേരള കോൺഗ്രസ് പ്രതിനിധിയെയും ഒപ്പം കൂട്ടി.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് പക്ഷത്തായിരുന്ന കേരള കോൺഗ്രസ് അംഗത്തെയാണ് പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോൾ എൽഡിഎഫ് പിന്തുണച്ചിരിക്കുന്നത്.
മർദനവും
തട്ടിക്കൊണ്ടുപോകലും പഴയ ചരിത്രത്തിൽ
പത്തനംതിട്ടയിലെ സിപിഎം ചരിത്രത്തിൽ അവിശ്വാസത്തെ നേരിടാൻ കൗൺസലർമാരെ തട്ടിക്കൊണ്ടുപോകലും മർദനവും ഒക്കെ നടന്നിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിൽ 2007 ജനുവരി പത്തിന് അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങൾ ഇപ്പോഴും നേതാക്കളുടെയെങ്കിലും സ്മരണകളിലുണ്ട്.
എൽഡിഎഫ് ഭരിച്ചിരുന്ന നഗരസഭയിൽ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നപ്പോൾ അന്ന് എൽഡിഎഫ് പക്ഷത്തായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ റോസമ്മ കുര്യാക്കോസ് കൂറുമാറിയെന്ന സൂചനയിൽ അവരെ നഗരസഭ കൗൺസിൽ ഹാളിൽ പ്രവേശിപ്പിക്കാതെ തടഞ്ഞതാണ് സംഭവം. മന്ത്രി വീണാ ജോർജിന്റെ മാതാവ് കൂടിയാണ് റോസമ്മ കുര്യാക്കോസ്.
യുഡിഎഫ് പ്രവർത്തകർക്കൊപ്പം കൗൺസിൽ ഹാളിൽ പ്രവേശിക്കാനെത്തിയ റോസമ്മയെ തടഞ്ഞത് പ്രമുഖ സിപിഎം നേതാക്കളാണ്. പിടിവലിക്കിടെ റോസമ്മയ്ക്കു മർദനമേറ്റെന്നും ബ്ലൗസ് വലിച്ചുകീറിയതായും ആക്ഷേപമുയർന്നു. ഇവരോടൊപ്പം യുഡിഎഫ് പക്ഷത്തേക്കു മാറാൻ ശ്രമിച്ച സിപിഐ അംഗം മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായും പരാതിയുണ്ടായി.