റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേരളത്തില്‍നിന്നു ഫെര്‍ട്ടിലാന്റ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയും
1497228
Wednesday, January 22, 2025 3:11 AM IST
കാഞ്ഞിരപ്പള്ളി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ കേരളത്തില്‍നിന്നു ഫെര്‍ട്ടിലാന്റ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയും.
ചോറ്റി കേന്ദ്രമാക്കി നബാര്‍ഡിന്റെയും പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും 2021ല്‍ തുടങ്ങിയ 750 ചെറുകിട-നാമമാത്ര കര്‍ഷകര്‍ ഓഹരി ഉടമകളായുള്ള കന്പനിയാണിത്.
കമ്പനിയുടെ 2023-24 വര്‍ഷത്തെ പ്രവൃത്തി വിജയത്തിന്റെ ഭാഗമായാണ് നാല് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാര്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നബാര്‍ഡ് മുഖേന അവസരം ലഭിച്ചിരിക്കുന്നത്.
കമ്പനിയെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ ജോജി വാളിപ്ലാക്കൽ, ബിനോയി പുരയിടം, ജെയ്സണ്‍ തടത്തില്‍, സിഇഒ വി.സി. ചാക്കോച്ചന് എന്നിവര്‍ കുടുംബസമേതം പങ്കെടുക്കും.
കൈതച്ചക്കയില്‍നിന്ന് മൂല്യവർധിത വസ്തുക്കള്‍ നിര്‍മിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നിലവില്‍ പള്‍പ്പ് ഉണ്ടാക്കി വന്‍കിട കമ്പനികള്‍ക്ക് ഐസ്ക്രീം, കേക്ക്, ജാം, ഇതര വസ്തുക്കള്‍ എന്നിവ ഉണ്ടാക്കാന്‍ നല്കിക്കൊണ്ടിരിക്കുന്നു. പൈനാപ്പിള്‍ പള്‍പ്പ് ഉണ്ടാക്കാന്‍ സ്വന്തമായി ഫാക്ടറിയും ആധുനിക യന്ത്രസംവിധാനങ്ങളുമുണ്ട്. 15ലധികം ആളുകള്‍ക്ക് കന്പനിയിൽ തൊഴില്‍ നല്‍കുന്നുണ്ട്. ചെയര്മാന് എം.ജെ. തോമസ് മഞ്ഞനാനിക്കൽ, സണ്ണി കാരന്താനം, ജയിംസ് പെരുംകുഴിയില്‍, പി. സുരേന്ദ്രന്, ഷൈബി ഏബ്രഹാം, പ്രഫ. ജയിംസ് കെ. ജോര്‍ജ്, തോമസ് ജോസഫ് കാഞ്ഞുപ്പറമ്പില്‍, ബെന്നി ഓടയ്ക്കല്‍ എന്നിവരാണ് ഇതര ബോര്‍ഡ് അംഗങ്ങള്‍.
ഡല്‍ഹിയില്‍ വിവിധ അധികാരികളുമായി നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ കര്‍ഷക പ്രശ്നങ്ങളായ വന്യജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷികവായ്പയുടെ ലഭ്യതക്കുറവ്, പലിശ ഇളവ്, കാര്‍ഷിക വസ്തുക്കളുടെ വിലയിടിവ് തുടങ്ങിയ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്യും.