സ്വയരക്ഷയ്ക്ക് കരാട്ടെ പരിശീലിച്ച് അരുവിത്തുറ കോളജിലെ വിദ്യർഥിനികൾ
1497533
Wednesday, January 22, 2025 2:57 PM IST
അരുവിത്തുറ: പെൺകുട്ടികൾക്ക് എതിരായ അതിക്രമ വാർത്തകൾ പെരുകുമ്പോൾ സ്വയരക്ഷയ്ക്കായി കരാട്ടെ പരിശീലിക്കുകയാണ് അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ വിദ്യാർഥിനികൾ.
കോളജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർഥിനികൾക്കായി കരാട്ടെ പരിശീലനം സംഘടിപ്പിച്ചത്. പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനുള്ള മാർഗങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളജ് ബർസാർ റവ. ബിജു കുന്നയ്ക്കാട്ട്, വിമൻ സെൽ കോഓർഡിനേറ്റർ തേജിമോൾ ജോർജ്, പ്രോഗ്രാം കൺവീനർ നാൻസി വി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.
അൻസി ഖാൻ ഷിന്റെ റെയു കേരള ഇന്റർനാഷണൽ ബ്ലാക്ക് ബെൽറ്റ് തേർഡ് ഡാൻ വി.എസ്. സുരേഷ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
സ്വയം പ്രതിരോധ പരിശീലന രംഗത്ത് വർഷങ്ങളായി സുത്യർഹ സേവനം അനുഷ്ഠിക്കുന്ന വി.എസ്. സുരേഷിനെ കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ് ഉപഹാരം നൽകി ആദരിച്ചു. 100 ഓളം വിദ്യാർഥിനികൾ ആണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.