റേഷന്‍ മുടങ്ങിയാല്‍ പൊതുവിപണിയില്‍ അരിവില കുതിക്കും
1497238
Wednesday, January 22, 2025 3:11 AM IST
കോട്ടയം: ഈ മാസം 27ന് തുടങ്ങുന്ന അനിശ്ചിതകാല റേഷന്‍ കടയടപ്പ് സമരം പൊതുവിപണിയില്‍ ധാന്യവില വര്‍ധിക്കാന്‍ ഇടയാക്കും. നിലവില്‍ റേഷന്‍ കടകളിലെ സ്റ്റോക്ക് 80 ശതമാനവും വിതരണം ചെയ്തുകഴിഞ്ഞു. റേഷന്‍ വിതരണക്കാര്‍ സമരം തുടങ്ങിയതോടെ ജനുവരിയില്‍ ഒരു കടയിലും സ്റ്റോക്ക് വന്നിട്ടില്ല. സംസ്ഥാനത്ത് 14,316 റേഷന്‍ കടകളാണുള്ളത്. ജില്ലയില്‍ 963 കടകളും.
സംസ്ഥാനത്തെ 94 ലക്ഷം വീടുകളില്‍ 43 ലക്ഷം വീടുകളിലും സൗജന്യനിരക്കിലാണ് അരിയും ഗോതമ്പും റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്നത്. റേഷന്‍ കടകള്‍ അടഞ്ഞുകിടന്നാല്‍ ദരിദ്രവിഭാഗം പൊതുവിപണിയെ ആശ്രയിക്കേണ്ടിവരും.
ഏറ്റവും ദരിദ്രവിഭാഗമായ മഞ്ഞക്കാര്‍ഡുകാര്‍ക്ക് 35 കിലോ ധാന്യമാണ് ഒരോ മാസവും സൗജന്യമായി നല്‍കുന്നത്. ഇതില്‍ 30 കിലോ അരിയും മൂന്നു കിലോ ഗോതമ്പും രണ്ട് കിലോ ആട്ടയും ഉള്‍പ്പെടും. അരി സ്റ്റോക്കനുസരിച്ച് കാര്‍ഡുടമയ്ക്ക് ഏത് ഇനവും വാങ്ങാം. സംസ്ഥാനത്ത് 5.95 ലക്ഷം കുടുംബങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.
ദരിദ്രവിഭാഗത്തില്‍ തന്നെയുള്ള പിങ്ക് കാര്‍ഡുകാര്‍ സംസ്ഥാനത്ത് 29.06 ലക്ഷമാണ്. ഈ കാര്‍ഡനുസരിച്ച് ഓരോ അംഗത്തിനും രണ്ടു കിലോ വീതം അരി ലഭിക്കും. കൂടാതെ ഒരു കിലോ ഗോതമ്പും. അഞ്ച് അംഗങ്ങളുള്ള കുടുംബത്തില്‍ പത്ത് കിലോ അരി സൗജന്യമായി ലഭിക്കുമെന്ന് ചുരുക്കം.ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും വിധവകള്‍ക്കും വയോധികര്‍ക്കും ആശ്വാസമാണ് സര്‍ക്കാരിന്റെ സൗജന്യ റേഷന്‍.
29.35 ലക്ഷം നീല കാര്‍ഡുകാര്‍ക്ക് നാലു രൂപ നിരക്കില്‍ രണ്ടു കിലോ അരി ലഭിക്കും. വെള്ളകാര്‍ഡിന് ആറു കിലോ അരി 10.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും ആട്ട 15 രൂപ നിരക്കിലും ലഭിക്കും. ചില മാസങ്ങളില്‍ നീല, വെള്ള കാര്‍ഡുകള്‍ക്ക് നിശ്ചിത അളവില്‍ കൂടുതല്‍ അരി ലഭിക്കാറുണ്ട്.
മൂന്നാഴ്ച കഴിഞ്ഞും റേഷന്‍ വിതരണ കരാറുകാരുടെ പണിമുടക്ക് തുടരുന്നതിനിടെ ഒരു കടയിലും ഈ മാസം സാധനങ്ങള്‍ എത്തിയിട്ടില്ല. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബില്‍ തുക കുടിശികയും സെപ്റ്റംബറിലെ ബാക്കിയുള്ള കുടിശികയും തന്നു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു ജനുവരി ഒന്നിനാണു പണിമുടക്ക് ആരംഭിച്ചത്. എഫ്സിഐ ഗോഡൗണുകളില്‍നിന്ന് ധാന്യങ്ങള്‍ ലോറികളില്‍ എന്‍എഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്നു റേഷന്‍കടകളിലേക്കും വാതില്‍പടി വിതരണം നടത്തുന്ന കരാറുകാരാണു പണിമുടക്കുന്നത്.
ഈ സാഹച്യത്തില്‍ ഡിസംബറിലെ ബാക്കിയുണ്ടായിരുന്ന സ്റ്റോക്കാണ് റേഷന്‍കടകളില്‍നിന്നു വിതരണം ചെയ്തുവരുന്നത്. ഡിസംബറിലെ വിഹിതത്തില്‍ നിന്നുള്ള പുഴുക്കലരി ഈ മാസം 10നു മുന്‍പേ തീര്‍ന്നിരുന്നു. ബാക്കി വന്നതു പച്ചരിയും മട്ടയരിയുമാണ്. പുഴുക്കലരിയില്ലാത്ത സാഹചര്യത്തില്‍ ഇ പോസ് മെഷീനില്‍ അരി വിഹിത ക്രമീകരണം മാറ്റി കാര്‍ഡ് ഉടമകള്‍ക്ക് ഇഷ്ടമുള്ള അരി നല്‍കിയതോടെ ഡിസംബറിലെ വിഹിതത്തില്‍ ബാക്കിയുണ്ടായിരുന്ന പച്ചരിയും മട്ടയരിയും തീര്‍ന്നു.
സര്‍ക്കാര്‍ വന്‍തുക നല്‍കാനുണ്ടെന്നു കാണിച്ചു റേഷന്‍കടകളിലെ ഇ പോസ് യന്ത്രത്തിന്റെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിര്‍ത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവിപണിയില്‍നിന്നു വലിയ വില കൊടുത്ത് അരി വാങ്ങേണ്ട സാഹചര്യമുണ്ടാവുക.