ചേന്നങ്കേരി - വാഴമനത്തോട് ആഴം കൂട്ടി ശുചീകരിക്കണം
1497494
Wednesday, January 22, 2025 7:49 AM IST
ഉദയനാപുരം: ചേന്നങ്കേരിൽ- വാഴമന നാട്ടുതോട്ടിലെ പോളയും പായലും പുല്ലും നീക്കി തോട്ടിലെ നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യം ശക്തമായി. തോട്ടിൽ പുല്ലും പോളയും വളർന്നു തിങ്ങിയതോടെ പാമ്പു ശല്യമേറിയതായും നാട്ടുകാർ ആരോപിക്കുന്നു.
വടയാറിൽനിന്ന് തുടങ്ങി കരിയാറിചേരുന്ന ചേന്നങ്കേരിൽ തോട്ടിലെ ജലമാണ് കർഷകർ പാടശേഖരങ്ങളിൽ എത്തിക്കുന്നത്. തോട് മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതോടെ നെൽകൃഷിക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ കർഷകർ പെടാപ്പാടുപ്പെടുകയാണ്. പ്രദേശവാസികൾ കുളിക്കാനും അലക്കാനും കൃഷിയിടങ്ങളിൽ ജലസേചനത്തിനും ആശ്രയിച്ചിരുന്ന തോട്ടിലെ ജലം മലിനമായതോടെ പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും പതിവാകുകയാണ്.
തോടുകളിൽ ഓരുജലമെത്താത്തതാണ് മലിനീകരണം രൂക്ഷമാക്കുന്നത്. ഒരേ സമയം തോടുകളിലെ പായൽനീക്കുന്നതിനും പഞ്ചായത്തിലെ കൃഷി നിശ്ചിത സമയത്ത് നടത്തുന്നതിനും ആവശ്യമായ ക്രമീകരണം അധികൃതർ ഏർപ്പെടുത്തിയാൽ ഓരു ജലം കയറി ഉൾപ്രദേശത്തെ മലിനീകരണത്തിന് അറുതിവരുത്താനുമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.