എരുമേലി ഹൗസിംഗ് ബോർഡ് പാർക്കിംഗ് വെറുതെയായി: ഇനി ഡിവോഷണൽ ഹബ്
1497534
Wednesday, January 22, 2025 9:52 PM IST
എരുമേലി: ശബരിമല തീർഥാടകർക്ക് എരുമേലിയിൽ ലക്ഷങ്ങൾ ചെലവിട്ട് ഭവന നിർമാണ ബോർഡിന്റെ ആറര ഏക്കർ സ്ഥലത്ത് വിപുലമായ പാർക്കിംഗ് സൗകര്യം ആരംഭിച്ചത് വെറുതെയായി. ഇനി പ്രതീക്ഷ മന്ത്രി പ്രഖ്യാപിച്ച ഡിവോഷണൽ ഹബ്. ഇത്തവണത്തെ ശബരിമല സീസണിൽ ദിവസവും കടന്നുപോയ ആയിരക്കണക്കിന് തീർഥാടക വാഹനങ്ങളിൽ ഒരു വാഹനം പോലും ഹൗസിംഗ് ബോർഡിന്റെ സ്ഥലത്ത് പാർക്ക് ചെയ്യാൻ എത്തിയില്ല. പാർക്കിംഗ് ഫീസിലൂടെ നല്ലൊരു തുക വരുമാനം പ്രതീക്ഷിച്ച് ലക്ഷങ്ങൾ ചെലവിട്ട ഹൗസിംഗ് ബോർഡിന് വൻ നഷ്ടം നേരിട്ടെന്ന് മാത്രമല്ല മുടക്കുമുതലിൽ ഒരു രൂപ പോലും തിരിച്ചു കിട്ടിയില്ല.
പാർക്കിംഗ് ഫീസ് രാത്രിയിലും പകലും പിരിക്കാൻ നിയമിച്ച കളക്ഷൻ ഏജന്റുമാർ വെറുതെ ഇരിക്കേണ്ടി വന്നു. കാടുപിടിച്ചു കിടന്ന ആറര ഏക്കർ സ്ഥലം വെട്ടിത്തെളിച്ച് ലെവൽ ചെയ്തെടുക്കാനും ബയോ ടോയ്ലറ്റുകൾ നിർമിക്കാനും വൈദ്യുതി, വെള്ളം എന്നിവയ്ക്കുമെല്ലാമായി ലക്ഷങ്ങളാണ് ചെലവായത്.
എരുമേലി ഇളപ്പുങ്കൽ ഭാഗത്തുനിന്നു പോക്കറ്റ് റോഡ് വഴി എത്തുന്ന തളികപ്പാറ എന്ന സ്ഥലത്താണ് ഹൗസിംഗ് ബോർഡിന്റെ സ്ഥലം പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റി ഇക്കഴിഞ്ഞ ശബരിമല സീസണിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു തുറന്നു കൊടുത്തത്. ഇവിടേക്ക് എത്താൻ പ്രധാന റോഡിൽ നിന്ന് ഏറെ ദൂരമുണ്ട്. വീതി കുറഞ്ഞ പോക്കറ്റ് റോഡ് വഴിയാണ് എത്തേണ്ടത്. ദൂരക്കൂടുതലും ഇടുങ്ങിയ വഴിയും മൂലമാണ് പാർക്കിംഗ് പദ്ധതി പരാജയപ്പെടാൻ കാരണമായത്.
ഡിവോഷണൽ ഹബ്
ഇത്തവണത്തെ തീർഥാടനകാലം കഴിഞ്ഞാലുടൻ ഇവിടെ ഡിവോഷണൽ ഹബിന്റെ നിർമാണത്തിനു തുടക്കം കുറിക്കുമെന്ന് പാർക്കിംഗ് ഉദ്ഘാടന യോഗത്തിൽ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചിരുന്നു. കൺവൻഷൻ സെന്റർ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഡിവോഷണൽ ഹബിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. പാർക്കിംഗ് ഗ്രൗണ്ടിന്റെ ഇരുവശത്തേക്കുമുള്ള റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യാന്തരനിലവാരത്തിലുള്ള ഡിവോഷണൽ ഹബ് നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ഭവനനിർമാണ ബോർഡ് ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭഘട്ടമായാണ് മിതമായ നിരക്കിൽ വാഹനപാർക്കിംഗ് സൗകര്യവും താത്കാലിക ടോയ്ലറ്റ് സംവിധാനവം ഒരുക്കിയത്. രണ്ടാംഘട്ടത്തിൽ ഭക്ഷണശാലകൾ, റിഫ്രഷ്മെന്റ് സെന്റർ, കഫെറ്റീരിയ, ടോയ്ലറ്റ് എന്നിവയും മൂന്നാംഘട്ടത്തിൽ ഗസ്റ്റ് ഹൗസ്, കോട്ടേജുകൾ, ഡോർമെറ്ററി, അനുബന്ധ കെട്ടിടങ്ങളും ഡിവോഷണൽ ഹബ് പദ്ധതിയിൽ ഉൾപ്പെടുന്നു.