മധ്യവയസ്കനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
1497500
Wednesday, January 22, 2025 7:49 AM IST
വൈക്കം: ആശുപത്രിയിൽ ചികിത്സയിലിരുന്ന മധ്യവയസ്കനെയും രണ്ടു മക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ചെമ്മനാകരി കരീത്തറയിൽ ഉണ്ണിക്കുട്ടനെന്നു വിളിക്കുന്ന അക്ഷയ് (24), കുലശേഖരമംഗലം ശാരദാമഠം പീടികപ്പറമ്പിൽ മനുവെന്നു വിളിക്കുന്ന കൃഷ്ണരാജ് (24), കുലശേഖരമംഗലം ശാരദാമഠം ചാലുതറയിൽ കണ്ണനെന്നു വിളിക്കുന്ന അർജുൻ (21),
കുലശേഖരമംഗലം ചെമ്മനാകരി പുതുവൽത്തറ അഖിൽരാജ് (23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ 16ന് രാത്രി 10.45ഓടെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചു കയറി ചികിത്സയിലിരുന്ന മധ്യവയസ്കനെയും മക്കളെയും ക്രൂരമായി മർദിക്കുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇവർക്ക് മധ്യവയസ്കന്റെ മകനോടു വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ആശുപത്രിയിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മക്കളെയും ആക്രമിച്ചത്. തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്നു കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്നു കേസെടുത്ത വൈക്കം പോലീസ് ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം എസ്ഐ കുര്യൻ മാത്യുവിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.