അനുഗ്രഹവർഷം ചൊരിഞ്ഞ് ദേശക്കഴുന്ന്; ഭക്തജനങ്ങൾക്ക് സായൂജ്യം
1497472
Wednesday, January 22, 2025 7:34 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ദേശക്കഴുന്നിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന തെക്കുംഭാഗം ദേശക്കഴുന്ന് ഭക്തിസാന്ദ്രമായി. തെക്കുംഭാഗത്തിന്റെ അഞ്ചു കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച് വിവിധ സ്ഥലങ്ങളിൽവച്ച് സംഗമിച്ച ദേശക്കഴുന്ന് പ്രദക്ഷിണത്തിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിനു ഭക്തജനങ്ങൾ കൈകളിൽ കഴുന്നുകളേന്തി പ്രാർഥനാപൂർവം പങ്കാളികളായി.
നൂറുകണക്കിന് മുത്തുക്കുടകളും ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും പ്രദക്ഷിണങ്ങൾക്ക് അകമ്പടിയേകി. പ്രദക്ഷിണം കടന്നുപോയ വഴികൾ തോരണങ്ങളാലും വൈദ്യുത വർണദീപങ്ങളാലും അലങ്കരിച്ചിരുന്നു. വിവിധ കേന്ദ്രങ്ങളിൽ കരിമരുന്നു കലാപ്രകടനത്തിന്റെ അകമ്പടിയിൽ നാട്ടുകാർ ദേശക്കഴുന്നിനെ വരവേറ്റു. നാട്ടിലെമ്പാടും പ്രാർഥനാഗീതങ്ങൾ അലയടിക്കുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷമായിരുന്നു.
വൈകുന്നേരം ആറിന് കഴുന്നു പ്രദക്ഷിണങ്ങൾ ആരംഭിച്ചു. ഓണംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പാറോലിക്കൽ വാർഡ് പ്രദക്ഷിണവും കഴുതാടി ഭാഗത്തു നിന്നും പാറശേരി ഭാഗത്തു നിന്നും ആരംഭിച്ച് പൊന്നാറ്റിൽ ജംഗ്ഷനിൽ ഒന്നുചേർന്ന മുണ്ടകപ്പാടം വാർഡ് പ്രദക്ഷിണവും ഐക്കരക്കുന്നേൽ ജംഗ്ഷനിൽ സംഗമിച്ച് ചെറിയപള്ളിയിലേക്ക് നീങ്ങി.
സാന്തോം ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാറാമ്പ് കിഴക്കുംഭാഗം പ്രദക്ഷിണവും വലിയപള്ളിയുടെ മുൻഭാഗത്തുനിന്ന് ആരംഭിച്ച മാറാമ്പ് പടിഞ്ഞാറ്റുംഭാഗം പ്രദക്ഷിണവും മാറാമ്പ് നവോദയ ജംഗ്ഷനിൽ ഒന്നുചേർന്ന് ടൗൺ കപ്പേള ചുറ്റി ചെറിയ പള്ളിക്കു മുന്നിലെത്തി പാറോലിക്കൽ - മുണ്ടകപ്പാടം പ്രദക്ഷിണവുമായി സംഗമിച്ച് ചെറിയപള്ളിയിൽ പ്രവേശിച്ച് രാത്രി ഒമ്പതിന് സമാപിച്ചു.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ, ഫാ. ജോബി മംഗലത്ത്കരോട്ട്, ഫാ. അലക്സ് വടശേരിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദികർ തിരുക്കർമങ്ങളിൽ കാർമികത്വം വഹിച്ചു.
ജനറൽ കൺവീനർ തോമസ് പുതുശേരി, കൺവീനർമാരായ തോമസ് പന്തപ്ലാക്കൽ, ജോയി പൊന്നാറ്റിൽ, പി.സി. ചാക്കോ പള്ളിക്കുന്നേൽ, ജിപ്സൺ ജോയി നടയ്ക്കൽ എന്നിവർ ദേശക്കഴുന്നിന് നേതൃത്വം നൽകി. ഈ വർഷത്തെ ദേശക്കഴുന്ന് നാളെ സമാപിക്കും. ഇന്ന് കിഴക്കുംഭാഗത്തിന്റെയും നാളെ വടക്കുംഭാഗത്തിന്റെയും ദേശക്കഴുന്ന് നടക്കും.
ദേശക്കഴുന്നിന് അരനൂറ്റാണ്ടിന്റെ പാരമ്പര്യം
അതിരമ്പുഴ തിരുനാളിന്റെ പ്രധാന ആത്മീയാഘോഷമായി മാറിയ ദേശക്കഴുന്ന് ആരംഭിച്ചിട്ട് അരനൂറ്റാണ്ട് പൂർത്തിയാകുന്നു. ജനുവരി 19ന് കൊടിയേറുന്നതു മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഓരോ ഭവനങ്ങളിൽനിന്നും പള്ളിയിലേക്ക് ഇടതടവില്ലാതെ കഴുന്ന് എഴുന്നള്ളിപ്പ് നടക്കുമായിരുന്നു. പതിറ്റാണ്ടുകളായി പിന്തുടർന്നിരുന്ന ഈ പതിവിനാണ് അരനൂറ്റാണ്ടു മുമ്പ് മാറ്റമുണ്ടായത്.
അതിരമ്പുഴ ഇടവകയെ തെക്കുംഭാഗം, വടക്കുംഭാഗം, കിഴക്കുംഭാഗം, പടിഞ്ഞാറ്റുംഭാഗം എന്നിങ്ങനെ നാലു ദേശങ്ങളായി തിരിച്ച് ജനുവരി 20 മുതൽ 23 വരെ ഓരോ ദേശത്തിന്റെയും കഴുന്നു പ്രദക്ഷിണം നടത്താൻ തുടങ്ങി. രാവിലെ ഭവനങ്ങളിൽ കഴുന്ന് പ്രതിഷ്ഠിച്ച ശേഷം വൈകുന്നേരം പ്രദക്ഷിണമായി പള്ളിയിൽ കൊണ്ടുവന്ന് ആഘോഷമായി കഴുന്ന് സമർപ്പിക്കുന്ന രീതി അങ്ങനെയാണ് നിലവിൽവന്നത്.
ഓരോ ദേശത്തിന്റെയും വിവിധ കേന്ദ്രങ്ങളിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണം മുന്നോട്ടു പോകുമ്പോൾ ആ വഴിക്കുള്ള കുടുംബങ്ങൾ പ്രദക്ഷിണത്തിൽ അണിചേരും. ചെറുപ്രദക്ഷിണങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സംഗമിച്ച് ഒടുവിൽ നാനാജാതി മതസ്ഥരുടെ മഹാസംഗമമായി ദേശക്കഴുന്ന് മാറും.
ദേശക്കഴുന്നിനു ശേഷം പള്ളി മൈതാനത്തെ വേദിയിൽ കലാപരിപാടികൾ അരങ്ങേറുമായിരുന്നു. ദേശക്കഴുന്നിലെ പങ്കാളിത്തം വർധിച്ചതോടെ പ്രദക്ഷിണം പള്ളിയിലെത്താൻ വൈകുന്നതു പരിഗണിച്ച് രണ്ടു വർഷമായി കലാപരിപാടികൾ 28 മുതൽ 31 വരെ തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.