ലുമിനാരിയ ശ്രദ്ധേയം
1497556
Wednesday, January 22, 2025 10:39 PM IST
പാലാ: ശാസ്ത്രവും സാഹിത്യവും കലകളും ചരിത്രവും കൃഷിയും ഉള്‍പ്പെട്ട മാനവസംസ്കൃതിയുടെ വിവിധ ഘട്ടങ്ങളെ സുന്ദരമായി അവതരിപ്പിക്കുന്ന പാലാ സെന്റ് തോമസ് കോളജിലെ ലുമിനാരിയ ശ്രദ്ധേയമാകുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകളില്‍ വ്യത്യസ്തങ്ങളായ അറിവും അനുഭവങ്ങളുമാണ് വരും ദിവസങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന സ്നേക് റെസ്ക്യൂ ശില്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത് ഗവണ്മെന്റിന്റെ സര്‍പ്പ എന്ന പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറായ മുഹമ്മദ് അന്‍വര്‍ ആണ്. ശാസ്ത്ര സാങ്കേതിക രംഗത്തെയും കലാ സാംസ്കാരിക മേഖലകളിലെയും കാഴ്ചകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സംശയങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരങ്ങളും ലുമിനാരിയ ഉറപ്പാക്കുന്നുണ്ട്.
സര്‍ഗാത്മകതയുടെയും വിനോദത്തിന്റെയും സന്തോഷം പകരുന്ന നിരവധി ഇടങ്ങളാണ് ലുമിനാരിയായില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. രാത്രി ഏഴു മുതല്‍ ഒന്‍പതു വരെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാസന്ധ്യയില്‍ കോളജിലെ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു പുറമേ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളിലും യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും ജേതാക്കളായ കലാപ്രതിഭകളും അരങ്ങിലെത്തുന്നുണ്ട്. ഫുഡ് ഫെസ്റ്റിനും ഇഷ്ടക്കാരേറെയാണ്. കുതിരകളും ഒട്ടകവും ലുമിനിരിയായുടെ മറ്റൊരു കൗതുക കാഴ്ചയാണ്. സാഹസിക വിനോദങ്ങളും ലുമിനാരിയായുടെ ഇഷ്ടയിനങ്ങളായി മാറിക്കഴിഞ്ഞു. മണ്‍കുടങ്ങളും പാത്രങ്ങളും നിര്‍മിക്കുന്നത് നേരില്‍ കാണാനും മിതമായ നിരക്കില്‍ അവ സ്വന്തമാക്കാനുമുള്ള അവസരം സന്ദര്‍കരില്‍ മിക്കവരും പ്രയോജനപ്പെടുത്തുന്നുണ്ട്. വാഹന പ്രേമികളില്‍ ആവേശം വിതയ്ക്കുന്ന മോട്ടോ എക്സ്പോ 25നും സൂപ്പര്‍ ബൈക്കുകളുടെ പ്രദര്‍ശനം 26 നും നടക്കും.
മിസ് ക്വീന്‍ ഓഫ് ഇന്ത്യ ഹര്‍ഷ ശ്രീകാന്താണ് അക്ഷരോത്സവം വേദിയില്‍ ഇന്നലെ എത്തിയത്. അനിയന് തലയാറ്റുംപിള്ളിയുടെ യൂറോപ്പിന്റെ ഹൃദയഭൂമിയിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഹര്‍ഷ ശ്രീകാന്ത് കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പിലിന് നല്കി പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അക്ഷരോത്സവം കണ്‍വീനര്‍ ഡോ. തോമസ് സ്കറിയ, ഡോ. അഞ്ജു ലിസ് കുര്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കവി വിനയകുമാര്‍ മാനസ വാക്കും നാക്കും എന്ന കവിത അവതരിപ്പിച്ചു.