വനം വികസന കോര്പറേഷന് 50 വികസനവര്ഷങ്ങള്
1497594
Thursday, January 23, 2025 12:11 AM IST
കോട്ടയം: കേരളത്തിന്റെ വനവിഭവങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ 1975ല്‍ ആരംഭിച്ച വനം വികസന കോര്പറേഷന് സുവര്‍ണ ജൂബിലിത്തിളക്കത്തില്‍. വനവത്കരണം, വനസംരക്ഷണം, പ്ലാന്റേഷന് എന്നിവയ്ക്കു പുറമേ ടൂറിസം രംഗത്തും മികവാര്‍ന്ന പ്രവര്‍ത്തനമാണ് കോര്പറഷന് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
1972ലെ ദേശീയ കാര്‍ഷിക കമ്മീഷന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വനം വികസന കോര്പറേഷന് രൂപം നല്കാന് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. 1975 ജനുവരി 24ന് കോട്ടയം കേന്ദ്രമായി കോര്പറേഷന് ആരംഭിച്ചു. നാഗമ്പടത്ത് ചെമ്പരത്തിമൂട്ടില്‍ വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം.പിന്നീട് കാരാപ്പുഴയില്‍ സ്ഥലം ലഭിച്ചതോടെ അങ്ങോട്ടേക്കു മാറ്റി. ആറു ഡിവിഷനുകളാണു കോര്‍പറേഷനുള്ളത് -തിരുവനന്തപുരം, പുനലൂര്‍, ഗവി, മൂന്നാര്‍, തൃശൂര്‍, മാനന്തവാടി. ഈ ഡിവിഷനുകള്‍ക്കു കീഴിലുള്ള തോട്ടങ്ങളാണ് (പ്ലാന്റേഷനുകള്‍) പ്രധാനവരുമാനം. ആറു ഡിവിഷനുകളിലുമായി 10053.834 ഹെക്ടര്‍ ഭൂമിയാണ് കോര്‍പറേഷനുള്ളത്.
ഇതില്‍ മൂവായിരം ഹെക്ടറില്‍ നാണ്യവിളകളാണ്.തൃശൂര്‍, പുനലൂര്‍ ഡിവിഷനുകളില്‍ ചന്ദനം, തേക്ക് എന്നിവയുടെ പ്ലാന്റേഷനാണ് പ്രധാനമായും. ഗവി, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഏലവും. മറയൂരില്‍ ചന്ദന ഫാക്ടറിയുമുണ്ട്.
സര്‍ക്കാരിന്റെ അധീനതയിലുള്ള വനമേഖലകളും മറ്റു സ്ഥലങ്ങളും ഏറ്റെടുത്തും വില കൊടുത്തുവാങ്ങിയും പാട്ടത്തിനെടുത്തുമായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. യൂക്കാലിപ്റ്റസ്, അല്‍ബീസിയ, പൈന്‍ മരങ്ങള്‍, തേക്ക്, ഈട്ടി, മുള തുടങ്ങിയവ വ്യാവസായികാടിസ്ഥാനത്തില്‍ നട്ടുവളര്‍ത്തുന്നതിലും ശ്രദ്ധിച്ചു. റബർ, കുരുമുളക്, ഏലം, കശുവണ്ടി, കൊക്കോ തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയെന്ന ലക്ഷ്യവും കോര്പറേഷനുണ്ടായിരുന്നു. വനവിഭവങ്ങളുടെ സുസ്ഥിരമായ ലഭ്യത ഉറപ്പുവരുത്തുകയെന്നതായിരുന്നു മറ്റൊരു ലക്ഷ്യം.
ടൂറിസം മേഖലയില്‍ 8.44 കോടി രൂപയുടെ വിറ്റുവരവാണ് 2023-24 വര്‍ഷം കോര്‍പറേഷനുണ്ടായത്. മീശപ്പുലിമല, സൂര്യനെല്ലിക്കു സമീപം ആനയിറങ്കല്‍, ഗവി, വാഗമണ്‍, നെല്ലിയാമ്പതി,അരിപ്പ, കല്ലാര്‍ എന്നിവിടങ്ങളിലാണ് കോര്പറേഷന് ടൂറിസം കേന്ദ്രങ്ങളുള്ളത്. തിരുവനന്തപുരത്തെ കാടഞ്ചിറയില് തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് സ്വന്തമായി നഴ്സറിയുമുണ്ട്. മൂന്നാറിലും വാഗമണിലും പൂച്ചെടികളുടെ നഴ്സറിയുമണ്ട്. മറയൂരിലെ ചന്ദനഫാക്ടറി ചന്ദനത്തൈലം നിര്‍മിക്കുന്ന കേരളത്തിലെ ഏക ഫാക്ടറിയാണ്.കോര്പറേഷന് ഉത്പാദിപ്പിക്കുന്ന ഏലം, കാപ്പിപ്പൊടി, ചന്ദനം ഉത്പന്നങ്ങള്‍ ഫ്ലിപ്പ് കാര്‍ട്ട്, ആമസോണ്‍, കേരള- ഇ മാര്‍ക്കറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും വില്‍പ്പന ആരംഭിച്ചതോടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
സുവര്‍ണ ജൂബിലി നാളെ മുതല്‍ അടുത്തവര്‍ഷം ജനുവരി 23 വരെ നീളുന്ന പരിപാടികളോടെ ആറു ഡിവിഷനുകളിലായി വിപുലമായി നടത്തും. നാളെ രാവിലെ 10.30ന് കാരാപ്പുഴയിലെ കെഎഫ്ഡിസി മുഖ്യകാര്യാലയത്തില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും.