ലുമിനാരിയായില്‍ തിരക്കേറുന്നു
1497225
Wednesday, January 22, 2025 3:10 AM IST
പാലാ: സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക പ്രദര്‍ശനമേളയായ ലുമിനാരിയായില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. സ്കൂള്‍ തലത്തിലും കോളജ് തലത്തിലുമുള്ള വിദ്യാര്‍ഥികളില്‍ അറിവും വിസ്മയവും ഒരുപോലെ സൃഷ്ടിക്കുന്ന ശാസ്ത്ര പ്രദര്‍ശനങ്ങളാണ് കോളജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകളിലുള്ളത്.
കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനശാലയില്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി), ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി), രോഹിണി സൗണ്ടിംഗ് റോക്കറ്റുകള്‍, പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിള്‍സ്, ഭാരതത്തിലെ ആദ്യ കൃത്രിമോപഗ്രഹമായ ആര്യഭട്ട, മംഗള്യാന്, ചന്ദ്രയാന്‍ തുടങ്ങിയവയുടെ മാതൃകകളും അവയുടെ വിവരണങ്ങളും ശാസ്ത്രബോധത്തിന്റെ വിശാല ലോകത്തിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നു.
പ്രദര്‍ശന സ്റ്റാളിനൊപ്പം ഒരുക്കിയിരിക്കുന്ന പ്ലാനറ്റോറിയവും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നു. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ശാസ്ത്ര പ്രദര്‍ശനശാല ഇന്നുകൂടി മാത്രമാണുള്ളത്.
കോളജിലെ ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളുടെ സ്റ്റാളുകളും ശാസ്ത്രാനുഭവത്തിന്റെ രസകരവും കൗതുകകരവുമായ ഒട്ടേറെ കാഴ്ചകളാണ് സമ്മാനിക്കുന്നത്.