ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ കടമാൻകുളം പാലം അപകടാവസ്ഥയിൽ
1497559
Wednesday, January 22, 2025 10:39 PM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിൽ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ കടമാൻകുളം പാലം അപകടാവസ്ഥയിൽ. സ്കൂൾ വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പാലം അപകടാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിട്ടു. ബ്രിട്ടീഷുകാരുടെ കാലത്ത് ഇരുമ്പ് കേഡറിൽ നിർമിച്ച പാലത്തിൽ പാകിയിരുന്ന തടികളെല്ലാം കാലപ്പഴക്കത്തൽ ദ്രവിച്ചു. ഇതോടെ പാലത്തിന്റെ പല ഭാഗത്തും വലിയ ദ്വാരങ്ങൾ രൂപപ്പെട്ടു.
ഈ ഭാഗങ്ങളിൽ പലകയിട്ട് മെറ്റൽ നിരത്തിയാണ് ഗതാഗതം സാധ്യമാക്കിയിരുന്നത്. എന്നാൽ, പാലത്തിലെ ഇരുമ്പ് കേഡറുകൾക്കൊപ്പം സ്ഥാപിച്ചിരുന്ന തടികൾ പൂർണമായി ദ്രവിച്ചതോടെ ഇപ്പോൾ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകരുതെന്ന് കാണിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കാലപ്പഴക്കത്തിൽ പാലത്തിന്റെ കൈവരികളെല്ലാം തുരുമ്പെടുത്ത പൂർണമായും തകർന്നു.
ഇതോടെ കാൽനട യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും വർധിച്ചു. കടമാൻകുളം ഇഡികെ അടക്കമുള്ള മേഖലയിലെ ആളുകൾക്ക് മുണ്ടക്കയത്തെത്തുന്നതിനുള്ള ഏക ആശ്രയമാണ് ഈ പാലം. പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്ത് എത്തിയിട്ടുണ്ട്.