വാട്ടര്‍ ടാങ്ക് അപകടഭീഷണി
1497567
Wednesday, January 22, 2025 10:39 PM IST
കിടങ്ങൂര്‍: തൂണുകള്‍ ദ്രവിച്ച് തകര്‍ന്നു വീഴാറായ വാട്ടര്‍ ടാങ്ക് അപകട ഭീതിയുണര്‍ത്തുന്നു. കിടങ്ങൂര്‍ കടപ്ലാമറ്റം റോഡില്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റിലേക്കുള്ള റോഡിനോടു ചേര്‍ന്നാണ് മുപ്പതടിയിലെറെ ഉയരമുള്ള ഓവര്‍ ഹെഡ് ടാങ്ക്. അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള വാട്ടര്‍ അഥോ റിറ്റിയുടെ ഉടമസ്ഥതയിലുള്ള ടാങ്ക് 15 വര്‍ഷത്തോളമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. ഉപയോഗ ശൂന്യമായിട്ടും പൊളിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്കു പ്രതിഷേധമുണ്ട്.
കാവാലിപ്പുഴ പദ്ധതി നിലവില്‍ വന്നതോടെ ഇത് പ്രവര്‍ത്തന രഹിതമാവുകയായിരുന്നു .വെള്ളം പമ്പ് ചെയ്യുകയോ അറ്റകുറ്റ പ്പണി നടത്തുകയോ ഇല്ലാതായതോടെ തൂണുകള്‍ ദ്രവിച്ച് ബലക്ഷയം ഉണ്ടായി ഏതു സമയവും തകര്‍ന്നു വീഴാനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നു. സമീപത്തു തന്നെ വീടുകളും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡും വൈദ്യുതി ലൈനുകളുമുള്ളത് അപകട ഭീഷണി വര്‍ധിപ്പിക്കുകയാണ്.
ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളുണ്ടായില്ല. നിലവില്‍ വാഹനങ്ങളും വഴിയാത്രക്കാരും കടന്നു പോകുമ്പോള്‍ തകര്‍ന്നു വീണാല്‍ വലിയ ദുരന്തമായി മാറും. അപകടമുണ്ടായിക്കഴിഞ്ഞ് നടപടി എന്ന പതിവു രീതി മാറ്റി എത്രയും വേഗം ടാങ്ക് പൊളിച്ചുമാറ്റി അപകടം ഭീഷണി ഒഴിവാക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. വാട്ടര്‍ അഥോറിറ്റി, റവന്യു, വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ടാങ്ക് നില്ക്കുന്ന സ്ഥലത്തെ സംരക്ഷണ ഭിത്തിയും തകര്‍ന്ന നിലയിലാണ്.