സംസ്ഥാനത്ത് റബർ ബോർഡ് ഫീൽഡ് ഓഫീസർമാർക്ക് ക്ഷാമം
1497239
Wednesday, January 22, 2025 3:11 AM IST
കുറവിലങ്ങാട്: സംസ്ഥാനത്ത് റബർ പുതുകൃഷി, ആവർത്തനകൃഷി എന്നിവയ്ക്ക് സബ്സിഡി നൽകുന്നതിലുള്ള അപേക്ഷകളിൽ പരിശോധന നടത്തുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥസംഘം. ആസാം, മേഘാലയ, മണിപ്പൂർ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള 15 അംഗസംഘമാണ് കേരളത്തിലെത്തി പരിശോധന ആരംഭിച്ചിട്ടുള്ളത്.
റബർ ബോർഡിന് സംസ്ഥാനത്ത് ഫീൽഡ് ഓഫീസർമാരുടെ തസ്തിക കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ബോർഡ് പ്രയോജനപ്പെടുത്തുന്നത്. ഒരു ഹെക്ടറിന് 40,000 രൂപവരെയാണ് റബർ പുതുകൃഷിക്കും ആവർത്തനകൃഷിക്കുമായി റബർ ബോർഡ് കർഷകർക്ക് നൽകുന്നത്. ഇതിന് അപേക്ഷ നൽകിയിരിക്കുന്നവരുടെ തോട്ടങ്ങളിൽ എത്തി പരിശോധന നടത്തി അപേക്ഷ ശരിയാണെന്ന് ഉറപ്പ് വരുത്താനാണ് ഉദ്യോഗസ്ഥസംഘം എത്തിയിട്ടുള്ളത്.
136ൽ നൂറും ഒഴിഞ്ഞുകിടക്കുന്നു
രാജ്യത്ത് റബർബോർഡിൽ 136 ഫീൽഡ് ഓഫീസർ തസ്തികകളാണുള്ളത്. ഇതിൽ നൂറെണ്ണത്തോളവും ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിൽ മാത്രം നൂറോളം ഫീൽഡ് ഓഫീസർമാരെ വേണമെന്നിരിക്കെ 40 പേരെ നിയമിക്കാൻ തീരുമാനവും അനുമതിയുമുണ്ടായെങ്കിലും ഇനിയും നടപടികളുണ്ടായിട്ടില്ല. നിയമനനടപടികൾക്കായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. ഫീൽഡ് ഓഫീസർ തസ്തികയിൽ ആളില്ലാത്തതിനാൽ സംസ്ഥാനത്തെ ഭൂരിപക്ഷം ഫീൽഡ് ഓഫീസുകളും പൂട്ടിയിട്ടിരിക്കുകയാണ്.
ഭാഷയറിയാതെ കർഷകർ നെട്ടോട്ടത്തിൽ
മലയാളം മാത്രമറിയുന്ന കർഷകർ മലയാളമറിയാത്ത ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുന്നതിനാൽ നെട്ടോട്ടമോടുകയാണ്. പ്രാദേശികഭാഷയറിയാത്തതിനാൽ കാര്യങ്ങൾ ചോദിച്ചറിയാൻ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിലാണ്. അപേക്ഷയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെടാനും നൽകാനും ഭാഷ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ എത്തിച്ച് പരിശോധനകൾ നടത്തുന്നതോടെ ബോർഡിന് ലക്ഷങ്ങളാണ് അധികചെലവ് വേണ്ടിവരുന്നത്. ഉദ്യോഗസ്ഥരുടെ യാത്രാചെലവ്, ദിനബത്ത, താമസസൗകര്യം എന്നിങ്ങനെ അധികചെലവ് വേണ്ടിവരുന്ന മേഖലകളേറെയാണ്.
ഡെപ്യൂട്ടി പ്രൊഡ. കമ്മീഷണർ തസ്തികയിലും ആളില്ലാ കസേരകൾ
ഫീൽഡ് ഓഫീസർ തസ്തികയിൽ നിയമനം നടക്കാത്തതിനൊപ്പം റബർബോർഡിന്റെ ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ തസ്തികയിലും ആളില്ലാത്ത സ്ഥിതിയാണ്. രാജ്യത്തെ ആകെയുള്ള 36 തസ്തികകളിൽ 20 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ഫീൽഡ് ഓഫീസർ തസ്തികയിൽ പുതിയ ആളുകളെത്താത്തതിനാൽ മൂന്ന് പതിറ്റാണ്ടോളമായി സ്ഥാനക്കയറ്റം ലഭിക്കാത്ത സ്ഥിതിയിലാണ് അസി. ഡെവലപ്മെന്റ് ഓഫീസർമാരും ഡെവലപ്മെന്റ് ഓഫീസർമാരും.
ഉത്പാദനത്തിൽ കേരളം മുന്നിൽ, പരിഗണനയിൽ പിന്നിൽ
രാജ്യത്തെ സ്വാഭാവിക റബർ ഉത്പാദനത്തിൽ മുക്കാൽ ഭാഗവും കേരളത്തിന്റെ സംഭാവനയാണ്. ബംഗാൾ, അരുണാചൽ പ്രദേശ്, മേഘാലയ, നാഗലാൻഡ്, മണിപ്പുർ, മിസോറാം, ത്രിപുര, ഗോവ, ഒറീസ, കർണാടക, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല എന്നീ സ്ഥലങ്ങളിലാണ് കേരളത്തിനൊപ്പം രാജ്യത്ത് റബർ ഉത്പാദനം കാര്യമായി നടത്തുന്നത്.
ഉത്പാദനത്തിലെ മുന്നേറ്റം കേരളത്തിന് ഉദ്യോഗസ്ഥരെ ഉറപ്പാക്കുന്നതിലടക്കം പ്രത്യേക പരിഗണനയ്ക്ക് അർഹതയുണ്ടെങ്കിലും ലഭിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. അടച്ചുപൂട്ടിയ ഫീൽഡ് ഓഫീസുകളും ആളില്ലാത്ത ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ കസേരകളുമാണ് കേരളത്തിൽ ഭൂരിപക്ഷവും. റബർ ബോർഡ് ചെയർമാൻ സ്ഥാനമടക്കം ഒഴിഞ്ഞു കിടക്കുകയാണെന്നതും ശ്രദ്ധേയമാണ്.
ബെന്നി കോച്ചേരി