മാന്തുരുത്തിയിൽ തെരുവുനായ ശല്യം
1496112
Friday, January 17, 2025 7:20 AM IST
മാന്തുരുത്തി: മാന്തുരുത്തിയിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ പ്രതിസന്ധിയിൽ. നായകളുടെ ആക്രമണത്തിൽനിന്നു രക്ഷനേടാൻ ഓടി പലർക്കും പരിക്കേൽക്കുന്നത് സാധാരണയായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാല് പേർക്കാണ് ഇത്തരത്തിൽ പരിക്കേറ്റത്.
പത്തിലധികം തെരുവുനായ്ക്കൾ കൂട്ടമായാണ് സഞ്ചരിക്കുന്നത്. കാൽനടയാത്രികരും ഇരുചക്ര വാഹനയാത്രക്കാരുമാണ് ഇവയുടെ ആക്രമണം മൂലം ഏറെ ദുരിതത്തിലാകുന്നത്. ബസ് സ്റ്റോപ്പുകളിലും കടത്തിണ്ണകളിലും വിശ്രമിക്കുന്ന ഇവ യാത്രക്കാർ വരുമ്പോൾ അവരുടെ നേരേ കുരച്ചു ചാടുന്നതും യാത്രക്കാർ ചിതറിയോടുന്നതും പതിവാണ്.
ഇതേ സമയം ജംഗ്ഷനിൽ ചിലർ തെരുവുനായകൾക്ക് തീറ്റ കൊടുത്ത് ഇവയെ സംരക്ഷിക്കുന്നതാണ് ശല്യം രൂക്ഷമാകുന്നതിനു കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെരുവുനായ് ശല്യം ഒഴിവാക്കാൻ കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകൾ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.