മുളക്കുളം പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനം അടുത്തമാസം ആരംഭിക്കും
1496107
Friday, January 17, 2025 7:14 AM IST
പെരുവ: ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മുളക്കുളം പഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനം അടുത്തമാസം ആരംഭിക്കും. പഞ്ചായത്തിലെ കോയിക്ക വളവിലുള്ള പൊതുശ്മശാനത്തിലാണ് ക്രിമിറ്റോറിയം നിര്‍മിച്ചിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ 86 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം പൂര്‍ത്തിയാക്കിയത്.
ജില്ലാ പഞ്ചായത്ത് 40 ലക്ഷം, മുളക്കുളം പഞ്ചായത്ത് 36 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് ചിലവഴിച്ചിരിക്കുന്നത്. ഇനി ഇതിന്റെ മുറ്റം ടൈല്‍ പാകുന്നതിനായി ഏകദേശം 14 ലക്ഷത്തോളം രൂപാ ചിലവാകുമെന്ന് കരുതുന്നതായി പഞ്ചായത്തധികൃതര്‍ പറഞ്ഞു.
നാല് വര്‍ഷം മുമ്പ് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയാണ് പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നടത്തിയത്. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, നിര്‍മാണം നീണ്ടു പോവുകയായിരുന്നു. കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് ക്രിമിറ്റോറിയത്തിന്റെ പ്രയോജനം ലഭിക്കും.
ഇപ്പോള്‍ ഇവിടെയുള്ളവര്‍ തൃപ്പൂണിത്തുറ, ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ചാണ് മൃതദേഹം സംസ്ക്കരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായതിന്റെ എല്ലാ പേപ്പറുകളും ലഭിച്ചുവെന്നും അടുത്ത മാസം ആദ്യവാരത്തില്‍ തന്നെ മന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പറഞ്ഞു.