അകലകുന്നത്ത് പെൺകുട്ടികൾക്ക് സ്വയം സുരക്ഷാ പദ്ധതിക്ക് തുടക്കം
1496100
Friday, January 17, 2025 7:05 AM IST
പൂവത്തിളപ്പ്: അകലക്കുന്നം പഞ്ചായത്തിലെ യുപി, ഹൈസ്കൂൾ തലത്തിലെ മുഴുവൻ പെൺകുട്ടികളെയും സ്വയം സുരക്ഷിതരാക്കുന്നതിനുള്ള പഞ്ചായത്ത് പദ്ധതിക്ക് തുടക്കം. ജില്ല പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി, നിലവിൽ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വനിതകൾക്കും പരിശീലനം നൽകി കൊണ്ടിരിക്കുകയാണ്.
അതോടൊപ്പം മുഴുവൻ സ്കൂളുകളിൽ പെൺകുട്ടികൾക്കായുള്ള സെൽഫ് ഡിഫൻസ് പരിശീലനത്തിനും തുടക്കമായി. മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സിന്ധു അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷാന്റി ബാബു, സ്കൂൾ പ്രഥമ അധ്യാപകൻ ജോജി തോമസ്, സിബി തോമസ് എന്നിവർ പ്രസംഗിച്ചു. പ്രത്യേകം പരിശീലനം കിട്ടിയ ജില്ലാ നാർകോട്ടിക്സ് സെൽ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ എസ്.പി. പ്രസീത, രമ്യ രവീന്ദ്രൻ എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു.