വയോധികനെ ദൂരൂഹസാഹചര്യത്തില്‍ കാണാതായിട്ട് മൂന്നാഴ്ച: തെരച്ചിലിനിറങ്ങി പോലീസ് സംഘം
1495871
Thursday, January 16, 2025 11:17 PM IST
പാലാ: മീനച്ചിലില്‍ ദൂരൂഹ സാഹര്യത്തില്‍ കാണാതായ എണ്പത്തിനാലുകാരനായുള്ള തെരച്ചില്‍ നടന്നെങ്കിലും കണ്ടെത്താനായില്ല. പാലാ മീനച്ചില്‍ പടിഞ്ഞാറേമുറിയില് മാത്യു തോമസിനെയാണ് കഴിഞ്ഞ മാസം കാണാതായത്. നൂറോളം പോലീസുകാരും സ്പെഷല്‍ ഡോഗ് സ്ക്വാഡും ചേര്‍ന്നാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ബന്ധുക്കള്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി തെരച്ചിലിനായി നിര്‍ദേശം നല്‍കിയത്.
മാത്യു തോമസിനെ 2024 ഡിസംബര്‍ 21 നായിരുന്നു വീടിനു സമീപത്തുനിന്നു കാണാതായത് . മാത്തച്ചനും ഭാര്യയുമായിരുന്നു കുടുംബവീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ പതിവു നടത്തത്തിന് ഇറങ്ങിയ മാത്തച്ചന് ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കാണാതാകുമ്പോള്‍ മാത്തച്ചന്റെ കൈവശം മൊബൈല്‍ ഫോണോ പണമോ ഉണ്ടായിരുന്നില്ല. 21 ന് പത്തോടെ ഒരു വാഹനത്തിന്റെ ഡോര്‍ പലവട്ടം തുറന്നടയ്ക്കുന്നതു കേട്ടുവെന്നു സമീപവാസികള്‍ പറഞ്ഞു. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള മാത്തച്ചന് ഒരു കാരണവശാലും വീടുവിട്ടു പോവുകയില്ലെന്നും മരുന്നുകളൊന്നും കൈയില്‍ കരുതാത്തതിനാല്‍ ആരോഗ്യനില മോശമാകുമെന്നും ബന്ധുക്കള്‍ പറയുന്നു. സമീപ വീടുകളില്‍ സിസിടിവി ഇല്ലാത്തത് അന്വേഷണത്തിന് തടസമായിട്ടുണ്ട്.
പാലാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും കണ്ടെത്താനായില്ല. പലവട്ടം പോലീസിനെ സമീപിച്ചുവെങ്കിലും സംഭവം കാണാതാകല്‍ എന്ന രീതിയില്‍ പോലീസ് അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ഹൈക്കോടതിയിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.