കോട്ടയം നഗരസഭയുടെ 211 കോടിയിലേറെ രൂപ കാണാതായെന്ന്
1496092
Friday, January 17, 2025 7:05 AM IST
മുനിസിപ്പല്‍ വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തൽ
കോട്ടയം: കോട്ടയം നഗരസഭയുടെ 211 കോടിയിലേറെ രൂപ കാണാതായെന്ന് മുനിസിപ്പല്‍ വിജിലന്‍സ് വിഭാഗം കണ്ടെത്തി. ചെക്കുവിവരം രേഖപ്പെടുത്തിയെങ്കിലും അത്രയും തുക ബാങ്ക് അക്കൗണ്ടില്‍ എത്തിയിട്ടില്ല. നഗരസഭ തനതു ഫണ്ടിലെ തുകയാണ് കാണാതായിരിക്കുന്നത്. ഏഴ് ബാങ്കിന്റെ അക്കൗണ്ടുകളില്‍ ചെക്കുവഴി നല്കിയെന്നു പറയുന്ന തുകയാണിത്.
നഗരസഭയ്ക്കു ലഭിക്കുന്ന ചെക്കുകള്‍ കൃത്യമായി ബാങ്കില്‍ സമര്‍പ്പിച്ചില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഷീജ അനിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ അക്കൗണ്ടില്‍ പണം എത്താത്തതിന്റെ കൃത്യമായ കാരണം വിശദീകരിക്കാതെ ആരോപണത്തില്‍ കൈമലര്‍ത്തിയിരിക്കുകയാണ് ഭരണസമിതി. പരിശോധിക്കാന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചതായി ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു.
എന്നാല്‍ പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് സെക്രട്ടറിയുടെ പ്രതികരണം. വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 2023ലെ ഒമ്പതാം മാസം റീ കണ്‍സിലിയേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വര്‍ഷങ്ങളായി ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള കോടിക്കണക്കിനു രൂപ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.
നേരത്തെ നഗരസഭയിലെ പെന്ഷന് ഫണ്ട് തട്ടിയെടുത്ത കേസിലെ പ്രതിയായ നഗരസഭ ഉദ്യോഗസ്ഥനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനു പിന്നാലെയാണ് നഗരസഭയുടെ തനതു ഫണ്ടിലെ തുകയും കാണാതായിരിക്കുന്നത്.
കോടിക്കണക്കിനു രൂപ കാണാതായ സാഹചര്യത്തല്‍ എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. 20ന് നഗരസഭയിലേക്ക് പ്രതിഷേധമാര്‍ച്ചും ഉപരോധവും എല്‍ഡിഎഫ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.