പെരുമയുടെ വഴിയില്‍ എംജി സര്‍വകലാശാല അന്താരാഷ്ട്ര നാടകോത്സവ വേദിയിലേക്ക്
1496099
Friday, January 17, 2025 7:05 AM IST
കോട്ടയം: എംജി സര്‍വകലാശാലയുടെ നാടക പാരമ്പര്യത്തിന് തിളക്കം പകര്‍ന്ന് പുതു തലമുറ. സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ നാടകം "ആറാമത്തെ വിരല്‍' സംസ്ഥാന സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ അടുത്ത മാസം തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്ക്) അരങ്ങിലെത്തും. അക്കാദമിയുടെ പരിഗണനയ്ക്കു വന്ന 351 നാടകങ്ങളില്‍നിന്ന് "ആറാമത്തെ വിരല്‍' ഉള്‍പ്പെടെ 15 നാടകങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ മൂന്ന് മലയാള നാടകങ്ങള്‍ മാത്രമാണ് മേളയില്‍ ഇടം നേടിയത്.
പ്രിന്‍സ് അയ്മനത്തിന്റെ ചാരുമാനം എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് അവതരണത്തില്‍ ഏറെ പ്രത്യേകതകളുള്ള ആറാമത്തെ വിരല്‍. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനായ ഡോ. അജു കെ. നാരായണനാണ്.
സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍നിന്ന് അടുത്തയിടെ പിഎച്ചഡി നേടിയ ചലച്ചിത്ര നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ശിവ, വകുപ്പിലെ ഗവേഷണ വിദ്യാര്‍ഥിയായ രാകേഷ് പാലിശേരിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമേ വകുപ്പിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമായ ഏഴു പേര്‍കൂടി നാടകത്തില്‍ അഭിനയിക്കുന്നുണ്ട്.
സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ആദ്യ ഡയറക്ടറായിരുന്ന നാടകാചാര്യന് ജി. ശങ്കരപ്പിള്ളയുടെ ചരമദിനമായ ജനുവരി ഒന്നിന് എല്ലാ വര്‍ഷവും വകുപ്പില്‍ അനുസ്മരണ സമ്മേളനം നടത്തുന്നതിനൊപ്പം പുതിയൊരു നാടകവും അവതരിപ്പിക്കാറുണ്ട്. ആറാമത്തെ വിരല്‍ ഇറ്റ്ഫോക്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് സ്കൂള്‍ ഓഫ് ലെറ്റേഴ്സിനും എംജി സര്‍വകലാശാലയ്ക്കും വലിയ അംഗീകാരമാണെന്ന് വകുപ്പ് ഡയറക്ടര്‍ ഡോ. സജി മാത്യു പറഞ്ഞു.