റബര്‍ ആക്ട് പ്ലാറ്റിനം ജൂബിലി കഴിയുമ്പോഴും കര്‍ഷകര്‍ക്ക് ആശങ്ക മാത്രം
1495836
Thursday, January 16, 2025 9:59 PM IST
കോട്ടയം: റബര്‍ ആക്ട് 70 വര്‍ഷം പിന്നിടുമ്പോഴും റബര്‍ വരുമാനമാര്‍ഗമായ എട്ടു ലക്ഷം ചെറുകിട, ഇടത്തരം കര്‍ഷകരുടെ ആശങ്കയൊഴിയുന്നില്ല. വേനലില്‍ ഉത്പാദനം നാമമാത്രമായി കുറഞ്ഞ സാഹചര്യത്തിലും വില മെച്ചമില്ല.
അന്താരാഷ്ട്രവില കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് 25 രൂപ കയറിയിട്ടും ആഭ്യന്തര പ്രഖ്യാപിത വില 192 രൂപയില്‍ നിന്ന് കയറുന്നില്ല. വ്യാപാരികള്‍ കര്‍ഷകര്‍ക്ക് നല്കുന്നതാവട്ടെ 188 രൂപ. തരംതിരിക്കാത്ത റബറിന് ലഭിക്കുന്നത് 184 രൂപ. കുതിച്ചുകയറുന്ന വിദേശവില ഇന്നലെ 222 രൂപയിലെത്തി.
അതേസമയം ആഭ്യന്തരവിലയില്‍ നേരിയ ചലനം പോലുമുണ്ടായില്ല. വിദേശ വില അതിവേഗം ഉയരുമ്പോഴും കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം ലഭിക്കുംവിധം ന്യായമായി വില ഉയര്‍ത്താന്‍ റബര്‍ ബോര്‍ഡിന് താത്പര്യവുമില്ല. വിദേശനിലവാരം അടിസ്ഥാനമാക്കി ഇന്നലെ റബര്‍ വില 210 രൂപയായി പ്രഖ്യാപിക്കേണ്ടതായിരുന്നു.
ഇക്കൊല്ലം ജനുവരി ആദ്യംതന്നെ വില നഷ്ടത്തെത്തുടര്‍ന്ന് ഏറെ കര്‍ഷകരും ടാപ്പിംഗ് നിര്‍ത്തിക്കഴിഞ്ഞു. കൈവശം സ്റ്റോക്ക് പരിമിതവുമാണ്. നിലവിലെ വിപണി സാഹചര്യമനുസരിച്ച് ആഭ്യന്തരവില 215 രൂപയ്ക്ക് മുകളിലെത്തേണ്ടതാണ്. വില ഉയര്‍ത്തുന്നതില്‍ റബര്‍ ബോര്‍ഡ് വ്യവസായികളുടെ താത്പര്യം മാത്രമാണ് പരിഗണിക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു.
ലാറ്റക്സിന് 132 രൂപയും ഉണങ്ങിയ ഒട്ടുപാലിന് 125 രൂപയും വിലയുണ്ട്. റബര്‍ ഷീറ്റ് സംസ്കരണം ചെലവേറിയതോടെ ഏറെ കര്‍ഷകരും ലാറ്റക്സും ചണ്ടിപ്പാലും വില്ക്കാന് നിര്‍ബന്ധിതരായിരിക്കുന്നു.
നെല്ലിന് നല്കുന്നതുപോലെ റബറിനും സബ്സിഡി നല്കാന് റബര്‍ ബോര്‍ഡ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തുന്നില്ല. റബര്‍ നാണ്യവിളയുടെ പട്ടികയിലായതിനാല്‍ ഈ ആനുകൂല്യത്തിന് പരിമിതിയുണ്ട്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ചണം, കരിമ്പ്, പരുത്തി കര്‍ഷകര്‍ക്ക് നല്കുന്ന വിവിധ ഇളവുകള്പോലെ റബറിനും സഹായപദ്ധതികളുണ്ടാകാതെ കൃഷിച്ചെലവ് കൂടുതലുള്ള കേരളത്തില്‍ കൃഷി മുന്നോട്ടുപോകില്ല.
ടാപ്പിംഗ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും റബര്‍ ബോര്‍ഡ് നടപടിയെടുക്കുന്നില്ല. അതിഥി തൊഴിലാളികളെ കേരളത്തില്‍ എത്തിച്ച് ടാപ്പിംഗ് പരിശീലനം നല്കുന്ന വിപുലമായ പദ്ധതി ബോര്‍ഡ് ആവിഷ്കരിക്കുന്നില്ലെങ്കില്‍ ഏറെ തോട്ടങ്ങളും കാടുകയറി വെറുതെ കിടക്കും.
റബര്‍ ബോര്‍ഡിന് കേന്ദ്രബജറ്റില്‍ വകയിരുത്തുന്ന തുക ശമ്പളത്തിനും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ തികയാറുള്ളൂ. അതിനാല്‍ വിവിധ കൃഷി സബ്സിഡികളും ഇന്‍സെന്റീവുകളും നിലച്ചിട്ട് വര്‍ഷങ്ങളായി. മഴമറയ്ക്കും സ്പ്രെയിംഗിനും പ്രഖ്യാപിച്ച നാലായിരം രൂപ വീതം സബ്സിഡി ടാപ്പിംഗ് സീസണ് അവസാനിക്കുന്ന വാരത്തിലും ലഭിച്ചിട്ടില്ല. റബര്‍ തൈയ്ക്കും വളത്തിനും കാടുവെട്ടലിനും സാമ്പത്തിക സഹായം ലഭിക്കാതെ കൃഷി മുന്നോട്ടുപോകില്ല.